കൊച്ചി ഫ്ലാറ്റിലെ കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന അർഷാദ് പിടിയില്‍

Jaihind Webdesk
Wednesday, August 17, 2022

കൊച്ചി: ഫ്ലാറ്റില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന പയ്യോളി സ്വദേശി അർഷാദ് പിടിയിൽ. സംസ്ഥാനം വിടാനുള്ള ശ്രമത്തിനിടെ കാസർഗോഡ് മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

കൊല്ലപ്പെട്ട സജീവ് കൃഷ്ണക്കൊപ്പം താമസിച്ചിരുന്ന അർഷാദ് കൊലപാതകത്തിനുശേഷം ഒളിവില്‍ പോയിരുന്നു. ഇന്നലെയാണ് മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണയെ കാക്കനാട് ഇടച്ചിറയിലെ ഓക്സോണിയ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. ഇന്നലെ വൈകിട്ടോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ശരീരമാസകലം കുത്തേറ്റ സജീവിന്‍റെ മൃതദേഹം പുതപ്പുകൊണ്ട് പൊതിഞ്ഞ് വരിഞ്ഞു കെട്ടിയ നിലയിലായിരുന്നു. ഫ്ലാറ്റിന്‍റെ പതിനാറാം നിലയിലെ ബാൽക്കണിയോട് ചേർന്ന ചതുരാകൃതിയിലുള്ള ഡക്റ്റിൽ തിരുകിയ നിലയിലായിരുന്നു മൃതദേഹം.

സജീവ് ഉൾപ്പെടെ 5 യുവാക്കളാണ് ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്നത്. അർഷാദ് ഈ ഫ്ലാറ്റിലെ സ്ഥിരതാമസക്കാരൻ ആയിരുന്നില്ല. സ്ഥിരതാമസക്കാരൻ ആയിരുന്ന അംജാദ് എന്നയാളുടെ സുഹൃത്താണ് അർഷാദ്. ഈ ബന്ധത്തിന്‍റെ അടിസ്ഥാനത്തിലാണ് അർഷാദ് ഇവിടെ താമസിക്കാനെത്തിയത്. വിനോദയാത്ര പോയിരുന്ന മറ്റ് മൂന്നുപേർ മടങ്ങിയെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടർച്ചയായി ബെല്ലടിച്ചിട്ടും ആരും വാതിൽ തുറന്നിരുന്നില്ല. സജീവിനെ ഫോണിൽ‌ വിളിച്ചുവെങ്കിലും പ്രതികരിച്ചില്ല. അർഷാദിനെ ബന്ധപ്പെട്ടപ്പോൾ ഫോൺ കട്ടാക്കിയതിനുശേഷം സ്ഥലത്തില്ലെന്ന് സന്ദേശമയച്ചെന്നും ഇവർ പറയുന്നു. അതേസമയം സജീവിന്‍റെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. തലയ്ക്കും കഴുത്തിലും നെഞ്ചിലും ഉൾപ്പെടെ ഇരുപതിലേറെ മുറിവുകളാണ് ശരീരത്തിലുള്ളതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.