കൊലപാതകകേസ് : മഹാരാഷ്ട്രാ മന്ത്രി രാജിവച്ചു

Jaihind News Bureau
Tuesday, March 4, 2025

കൊലപാതകകേസില്‍ ആരോപണ വിധേയനായ മഹാരാഷ്ട്ര ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ധനഞ്ജയ് മുണ്ടെധനഞ്ജയ് മുണ്ടെ രാജിവച്ചു. ബീഡ് മണ്ഡലത്തിലെ ഒരു സര്‍പഞ്ചിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിഷേധമാണ് എന്‍ സിപി മന്ത്രിയുടെ കസേര തെറിപ്പിച്ചത്. സര്‍പഞ്ചിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ മുണ്ടെയുടെ അടുത്ത അനുയായിയും എന്‍സിപി നേതാവുമായ വാല്‍മീക് കാരാഡ് അറസ്റ്റിലായതിനു പിന്നാലെ ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. ഇതോടെ സ്ഥാനമൊഴിയാന്‍ ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്‌നാവിസ് ആവശ്യപ്പെടുകയായിരുന്നു.

2024 നവംബറില്‍ തിരഞ്ഞെടുക്കപ്പെട്ട പുതിയ മഹായുതി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് സമ്മേളനം തിങ്കളാഴ്ചയാണ് ആരംഭിച്ചത്. മുണ്ടെയുടെ രാജിക്കത്ത് ഗവര്‍ണര്‍ക്ക് അയച്ചുകൊടുത്തതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ് അറിയിച്ചു. എന്‍സിപി അജിത് പവാര്‍ വിഭാഗം നേതാവായ ധനഞ്ജയ് മുണ്ടെ, ബീഡ് ജില്ലയിലെ പാര്‍ലി മണ്ഡലത്തില്‍ നിന്നുള്ള എന്‍സിപി എംഎല്‍എയാണ്. അതേസമയം ആരോഗ്യ കാരണങ്ങളാലാണ് രാജിവെക്കുന്നതെന്നാണ് മുണ്ടേ സാമൂഹിക മാധ്യമമായ എക്സില്‍ കുറിച്ചു.

2024 ഡിസംബര്‍ ഒമ്പതിനാണ് ബീഡിലെ മസാജോഗ് ഗ്രാമത്തിലെ സര്‍പഞ്ചായ സന്തോഷ് ദേശ്മുഖിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയത്.കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴു പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒരാളെ കൂടി പിടികൂടാനുള്ളതായി പോലീസ് വ്യക്തമാക്കുന്നു

എന്‍സിപി (നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി) പിളര്‍ന്നപ്പോള്‍ അജിത് പവാറിനൊപ്പം നിന്ന നേതാവാണ് ധനഞ്ജയ് മുണ്ടെ. ബീഡിലെ പരാലി മണ്ഡലത്തില്‍നിന്നുള്ള മഹാരാഷ്ട്ര നിയമസഭാംഗം. ദേവേന്ദ്ര ഫഡ്‌നാവിസ് മന്ത്രിസഭയില്‍ ഭക്ഷ്യ, സിവില്‍ സപ്ലൈസ്, ഉപഭോക്തൃ സംരക്ഷണ മന്ത്രി. ഏക്നാഥ് ഷിന്‍ഡെയുടെ ഭരണകാലത്ത് ബീഡ് ജില്ലയുടെ ചുമതലയുള്ള മന്ത്രിയായും ഉദ്ധവ് താക്കറെയുടെ ഭരണത്തില്‍ സാമൂഹിക നീതി, പ്രത്യേക സഹായം എന്നീ വകുപ്പുകളുടെ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗോപിനാഥ് മുണ്ടെയുടെ അനന്തരവനാണ് ധനഞ്ജയ് മുണ്ടെ.