കിണർ കുഴിച്ചുകൊണ്ടിരുന്നയാളെ കല്ലിട്ട് കൊല്ലാന്‍ ശ്രമം; സുഹൃത്തിനായി തെരച്ചില്‍

Jaihind Webdesk
Thursday, September 23, 2021

 

തിരുവനന്തപുരം : പാറശാലയില്‍ കിണർ നിർമാണത്തിനിടെ തൊഴിലാളിയുടെ തലയിൽ കല്ലിട്ട് കൊല്ലാൻ ശ്രമമെന്ന് പരാതി. ഉദയൻകുളങ്ങര സ്വദേശി സാബു എന്ന ഷൈൻ കുമാറിനെ സുഹൃത്ത് ബിനു കല്ലിട്ട് കൊല്ലാന്‍ ശ്രമിച്ചെന്നാണ് പരാതി. പരിക്കേറ്റ സാബുവിനെ ഫയർഫോഴ്സ് എത്തിയാണ് രക്ഷിച്ചത്.

വിജയകുമാർ എന്നയാളുടെ ഉടമസ്ഥതയിലുള്ള കിണറിലെ ജോലിക്കിടെ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം.  സാബുവിന്‍റെ സുഹൃത്ത് കൂടിയായ ബിനു  കിണറ്റിലേക്ക് കല്ലെടുത്തിടുകയായിരുന്നു. സാബുവിന്‍റെ തോളിനാണ് പരിക്കേറ്റത്. കിണറ്റില്‍ നിന്ന് നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഇയാളെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൂലിത്തർക്കവുമായി ബന്ധപ്പെട്ട പ്രശ്നമാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഇരുവരും വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. പൊലീസ് ബിനുവിനായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.