മൂന്നാര്‍ മണ്ണിടിച്ചല്‍; കാണാതായ രൂപേഷിന്‍റെ മൃതദേഹം കണ്ടെത്തി

Jaihind Webdesk
Sunday, November 13, 2022

മൂന്നാർ കുണ്ടളയിൽ മണ്ണിടിച്ചിലിൽ കാണാതായ രൂപേഷിന്‍റെ മൃതദേഹം കണ്ടെത്തി.മൂന്നാർ വട്ടവട റോഡിന് അര കിലോമീറ്റർ താഴെ മണ്ണിൽ പുതഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്..
കോഴിക്കോട് മുത്തപ്പൻകാവ് സ്വദേശിയാണ് മരണപ്പെട്ട രൂപേഷ്. വിനോദസഞ്ചാരത്തിനായി കുടുംബത്തോടൊപ്പമാണ് രൂപേഷ് മൂന്നാറില്‍ എത്തിയത്. മണ്ണിടിച്ചിലില്‍പെട്ട ഭാര്യയെയും മകളെയും പിതാവിനെയും രക്ഷപ്പെടുത്തിയ ശേഷം വാഹനത്തില്‍ കയറുമ്പോഴാണ് രൂപേഷ് അപകടത്തില്‍പെട്ടത്.

 

 

ഇന്നലെ മൂന്നുമണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. റോഡിന് മുകള്‍ഭാഗത്തു നിന്നും വലിയ തോതില്‍ കല്ലും മണ്ണും ചെളിയും ഇടിഞ്ഞെത്തുകയായിരുന്നു. ടോപ്പ് സ്റ്റേഷന്‍ സന്ദര്‍ശനം കഴിഞ്ഞ് തിരികെ മടങ്ങിയ കോഴിക്കോട് വടകര നിന്നുള്ള വിനോദസഞ്ചാരസംഘത്തിന്‍റെ ട്രാവലര്‍ ചെളിയില്‍ പൂണ്ടു. വാഹനത്തിലുണ്ടായിരുന്നവരെ ഇറക്കിയ ശേഷം ഡ്രൈവറും കാണാതായ രൂപേഷും ചേര്‍ന്ന് ട്രാവലര്‍ മുന്നോട്ടെടുക്കാന്‍ ശ്രമിക്കുന്നതിനിടെ മുകളിലേക്ക് മണ്ണും ചെളിയും പതിക്കുകയായിരുന്നു. ഡ്രൈവര്‍ ചാടി രക്ഷപെട്ടെങ്കിലും രൂപേഷിന് രക്ഷപെടാനായില്ല. കുത്തിയൊലിച്ചെത്തിയ വെള്ളത്തില്‍പ്പെട്ട് വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു.
സംഭവത്തിന് പിന്നാലെ തിരച്ചില്‍ ആരംഭിച്ചെങ്കിലും കാട്ടാനശല്യവും കനത്ത മഴയും മൂലം ഇടയ്ക്ക് നിര്‍ത്തിവെയ്‌ക്കേണ്ടി വന്നു. തുടര്‍ന്ന് ഇന്ന് രാവിലെ ഏഴോടെയാണ് വീണ്ടും തിരച്ചില്‍ പുനഃരാരംഭിച്ചത്.