മുനമ്പത്ത് മത്സ്യബന്ധന ബോട്ടുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

Jaihind Webdesk
Sunday, November 5, 2023


എറണാകുളം മുനമ്പത്ത് മല്‍സ്യബന്ധനബോട്ടുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മല്‍സ്യത്തൊഴിലാളിയായ കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് ആന്റണി ആണ് മരിച്ചത്. അറുപത്തിയഞ്ച് വയസായിരുന്നു. രാത്രി പന്ത്രണ്ടു മണിയോടെയായിരുന്നു അപകടം. തോപ്പുംപടിയില്‍ നിന്ന് പോയ സില്‍വര്‍ സ്റ്റാര്‍ എന്ന ചൂണ്ട ബോട്ടില്‍ നൂറിന്‍മോള്‍ എന്ന ബോട്ട് പിന്നില്‍നിന്ന് വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബോട്ട് രണ്ടായി പിളര്‍ന്ന് കടലില്‍ മുങ്ങി. മല്‍സ്യബന്ധനത്തിനുശേഷം വിശ്രമിക്കുകയായിരുന്ന എട്ട് തൊഴിലാളികളും കടലില്‍ വീണു. എല്ലാവരെയും ഇടിച്ച ബോട്ടിലെ ജീവനക്കാര്‍ തന്നെ രക്ഷപെടുത്തിയെങ്കിലും ജോസ് ആന്റണി മാത്രം മരിച്ചു. മറ്റാര്‍ക്കും പരുക്കില്ല. മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നൂറിന്‍മോള്‍ ബോട്ടിലെ ജീവനക്കാരുടെ അശ്രദ്ധയാണ് അപകടമുണ്ടാക്കിയത്. കോസ്റ്റല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.