ബിനോയ് കോടിയേരിക്കെതിരെ ബീഹാർ സ്വദേശിനിയായ ബാർ ഡാൻസർ നൽകിയ ലൈംഗിക പീഡനാരോപണ പരാതിയുടെ അന്വേഷണത്തിനായി മുംബൈ പൊലീസ് കണ്ണൂരിലെത്തി. മുംബൈയിൽ നിന്നുള്ള സംഘം ഇന്നലെ വൈകിട്ടാണ് കണ്ണൂരിൽ എത്തിയത്. കണ്ണൂർ എസ്.പി പ്രതീഷ് കുമാറുമായി മൂന്നു മണിക്കൂറോളം സംഘം ചർച്ച നടത്തി.
മുംബൈ ഒഷിവാര പോലീസ് സ്റ്റേഷനിലാണ് ബിനോയ് കോടിയേരിക്കെതിരെ പെണ്കുട്ടി പീഡന പരാതി നല്കിയിട്ടുളളത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഒഷിവാര പൊലീസ് സ്റ്റേഷനിൽ നിന്ന് എസ്.ഐ വിനായക് യാദവ്, കോൺസ്റ്റബിൾ ദയാനന്ദ പവാർ എന്നിവരാണ് ബുധനാഴ്ച കണ്ണൂരിലെത്തിയത്. കണ്ണൂർ ജില്ല പൊലീസ് ആസ്ഥാനത്തെത്തിയ ഇവർ എസ്.പി പ്രതീഷ് കുമാറിനെ കണ്ട് ചർച്ച നടത്തി. മുംബൈ പൊലീസ് ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് തിരക്കിയതെന്നും വിശദാംശങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും എസ്.പി പറഞ്ഞു. മുംബൈയിൽ നിന്നെത്തിയ ഉദ്യോഗസ്ഥരും അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വെളിപ്പെടുത്താൻ തയാറായില്ല.
ഈ മാസം 13നാണ് മുംബൈ ഒഷിവാര പൊലീസ് സ്റ്റേഷനിൽ ബിനോയ് കോടിയേരിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും എട്ടുവയസ്സുള്ള കുട്ടിയുടെ പിതാവ് ബിനോയ് ആണെന്നുമാണ് മുംബൈയിൽ സ്ഥിരതാമസമാക്കിയ ബീഹാർ സ്വദേശിനിയായ യുവതിയുടെ പരാതി.
ബിനോയിയെ ചോദ്യംചെയ്യുന്നതിനായി നോട്ടീസ് അയച്ച് വിളിച്ചുവരുത്താനൊരുങ്ങുകയാണ് മുംബൈ പൊലീസ്. അതിന് മുന്നോടിയായാണ് കണ്ണൂരിലെ അന്വേഷണം. യുവതിക്കെതിരെ ബിനോയ് കണ്ണൂർ ഐ.ജിക്ക് നൽകിയ പരാതിയുടെ വിശദാംശങ്ങളും സംഘം ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ 12ന് ബിനോയി നൽകിയ പരാതിയിൽ താനുമായുള്ള അടുപ്പം മുതലെടുത്ത് ബീഹാർ സ്വദേശിനി പണം തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്നാണ് ആരോപിക്കുന്നത്. അതിന് തെളിവായി കുഞ്ഞിന്റെ സംരക്ഷണത്തിന് അഞ്ചുകോടി രൂപ നൽകണമെന്നാവശ്യപ്പെട്ട് യുവതി അയച്ച കത്തിന്റെ പകർപ്പും നൽകിയിരുന്നു.