‘ ഇന്നീ പാര്‍ട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതന്‍ പിണറായി വിജയനെന്ന സഖാവ് തന്നെ’ കേരളത്തിലെ തിരുവാതിരതള്ളല്‍ ആരും മറന്നിട്ടില്ലല്ലോ. ഈ തള്ളല്‍ ഇത്രയൊന്നും പോരാ എന്നാണ് പാര്‍ട്ടി കോണ്‍ഗ്രസ് തുടങ്ങിയ ദിവസം മുതല്‍ കേരള സഖാക്കള്‍ പറയുന്നത്. കേരളത്തില്‍ മാതൃകാ കമ്യൂണിസ്റ്റ് ഭരണമാണ് നടക്കുന്നതെന്നും അത് മറ്റ് സംസ്ഥാനങ്ങളില്‍ വേണ്ടത്ര ഗുമ്മില്‍ എത്തുന്നില്ല എന്ന് പ്രമേയ രൂപത്തില്‍ തന്നെ കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെട്ടു. അതിനാല്‍ വേണ്ടത്ര എല്ലാവരും ചേര്‍ന്ന് പിണറായി സര്‍ക്കാരിനെ കൂടുതല്‍ ശക്തിയില്‍ തള്ളി മറിക്കണം എന്നായിരുന്നു പ്രമേയത്തിന്റെ പ്രധാന ഉള്ളടക്കം.
ബംഗാളില്‍ ഭരണം പോയെങ്കിലും പഴയ സഖാക്കള്‍ കേരളത്തില്‍ പൊറോട്ടയടിക്കാനും വാര്‍ക്കപ്പണിക്കും എത്തിയെങ്കിലും ബാക്കിയുള്ളവരില്‍ ഭരണത്തിന്റെ മികവ് എത്തിക്കാമെന്ന ആലോചനയുടെ ഭാഗമായാണ് കേരളത്തിലെ പബ്‌ളിക് റിലേഷന്‍ വകുപ്പിലെ അന്തം കമ്മികള്‍ക്ക് ഇങ്ങനെയൊരു ബുദ്ധി ഉദിച്ചത്. ആശാ വര്‍ക്കര്‍മാര്‍ക്ക് വേതനം കൂട്ടികൊടുക്കാന്‍ ഖജനാവില്‍ കാശില്ലെന്ന് പറയുന്ന ഇടതു സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിച്ചുകൊണ്ട് ബംഗാളിലെ സിപിഎം മുഖപത്രമായ ഗണശക്തിയില്‍ ഫുള്‍ പേജ് മള്‍ട്ടി കളര്‍ പരസ്യം. പബ്ലിക് റിലേഷന്‍സ് വകുപ്പാണ് കിടിലന്‍ പരസ്യം നല്‍കിയിരിക്കുന്നത്. മകള്‍ അഴിമതിക്കേസില്‍ പെട്ട് വിചാരണ നേരിടുന്ന കാര്യം കൂടി ഭരണ നേട്ടമായി ഉള്‍പ്പെടുത്തേണ്ടതായിരുന്നില്ലേ സഖാവേ എന്നാണ് ഇതു കാണുന്ന മലയാളികള്‍ ചോദിക്കുക
എന്റെ തല എന്റെ ഫുള്‍ ഫിഗര്‍ എന്ന സ്റ്റൈലില്‍ പിണറായിയുടെ മുഴുനീള ചിത്രത്തോടൊപ്പം കേരളത്തിലെ നേട്ടങ്ങളും വിവരിക്കുന്ന പരസ്യം വെള്ളിയാഴ്ചയാണ് പത്രത്തിലും വെബസൈറ്റിലും പ്രസിദ്ധീകരിച്ചത്. ഇതിനുള്ള തുക എത്രയെന്നു നിശ്ചയമില്ല, പക്ഷേ അതും പൊതു ഖജനാവില്‍ നി്ന്നായിരിക്കുമെന്നത് ഉറപ്പാണ്. ബംഗാളിലെ പാര്‍ട്ടി പത്രത്തിന് കേരളസര്‍ക്കാര്‍ വക ധനസഹായം. നേരിട്ടു പണം കൊടുക്കാന്‍ കഴിയാത്തതു കൊണ്ട് ‘ചട്ടപ്രകാരം ഒരു അഴിമതി ‘ എന്ന് പറയുന്നതായിരിക്കും ഉചിതം.
പരസ്യത്തിലുള്ളത് എന്നത്തേയുംപോലെ പഴയ മുദ്രാവാക്യങ്ങള്‍ തന്നെ. ഗെയില്‍ പൈപ്പ്ലൈന്‍, ദേശീയപാത വികസനം, പുതുവൈപ്പിന്‍-എല്‍പിജി ടെര്‍മിനല്‍, ലൈഫ് പദ്ധതി എന്നിവ തുടങ്ങി ദേശീയ, അന്തര്‍ദേശീയ നേട്ടങ്ങള്‍ സ്വന്തമാക്കിയതടൊപ്പം അടിസ്ഥാന സൗകര്യ വികസനം, സേവന മികവ്, ദേശീയ ഭക്ഷ്യസുരക്ഷാ സൂചികയില്‍ ഒന്നാം സ്ഥാനം, രണ്ടര വര്‍ഷത്തിനുള്ളില്‍ 3 ലക്ഷം സംരംഭങ്ങള്‍ തുടങ്ങിയ പൊള്ളയായ അവകാശവാദങ്ങളാണ് തള്ളിയിരിക്കുന്നത്. എന്തു വേണമെങ്കിലും തള്ളാം, നികുതിദായകരുടെ പണം, അന്യഭാഷ. മലയാളികള്‍ ഇത് എന്തായാലും വായിക്കാന്‍ പോകുന്നില്ലെന്ന് ഇത് കൊടുത്തവര്‍ക്ക് അറിയാം. കേരള സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിച്ച് ബംഗാളില്‍ പരസ്യം കൊടുത്താല്‍ എന്തു നേട്ടമെന്നാരും ചോദിക്കരുത്, സംസ്ഥാന വിരുദ്ധനാകും.