മുഖ്യമന്ത്രിയുടെ അഹങ്കാരത്തിനും ധാർഷ്ട്യത്തിനുമെതിരായ വികാരം യു.ഡി.എഫിന് അനുകൂലമാകും : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Friday, April 26, 2019

Mullapaplly-Ramachandran

മുഖ്യമന്ത്രിയുടെ അഹങ്കാരത്തിനും ധാർഷ്ട്യത്തിനും എതിരായ വികാരമാണ് സംസ്ഥാനത്ത് യു.ഡി.എഫിന് അനുകൂലമാകുന്നത് എന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പലയിടത്തും സി.പി.എം പ്രവർത്തകർ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

ബി.ജെ.പിയുമായി കോൺഗ്രസിന് ബന്ധമുണ്ടെന്ന് ആരോപിച്ച സി.പി.എമ്മിനെയും മുഖ്യമന്ത്രിയെയും കടുത്ത ഭാഷയിൽ വിമർശിച്ചുകൊണ്ടാണ് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ മാധ്യമങ്ങളോട് സംസാരിച്ചത്. കോൺഗ്രസിന് ഒരു കാലത്തും ആര്‍.എസ്.എസുമായോ ബി.ജെ.പിയുമായോ ബന്ധമില്ല. ബിജെപിയുമായി കോൺഗ്രസിന് ബന്ധമുണ്ടെന്ന് തെളിയിച്ചാൽ പൊതുരംഗത്ത് നിന്നും മാറാൻ തയാറാണ്. ന്യൂനപക്ഷ സമുദായത്തിനിടയിൽ ആശങ്ക ഉണ്ടാക്കാനാണ് ഇത്തരം ഒരു ആരോപണം. കെ കരുണാകരന്‍റെ മകന് ഒരു കാലത്തും ബി.ജെ.പിയുമായി ഒരു ബന്ധം സാധ്യമല്ല. മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും ധിക്കാരവും അംഗീകരിക്കാൻ കഴിയില്ല. മുഖ്യമന്ത്രിയുടെ അഹങ്കാരത്തിനും ധാർഷ്ട്യത്തിനും എതിരായ വികാരമാണ് യു.ഡി.എഫിന് അനുകൂലമാകുന്നത് എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

ഫാസിസ്റ്റുകളെ തകർക്കാൻ കിട്ടിയ അവസരം കളഞ്ഞു കുളിച്ച് അന്ധമായ കോൺഗ്രസ്‌ വിരോധമാണ് സി.പി.എം പുലർത്തുന്നത്. സംസ്ഥാനത്ത് പലയിടത്തും സി.പി.എം പ്രവർത്തകർ യു.ഡി.ഫിന് അനുകൂലമായി വോട്ട് ചെയ്തിട്ടുണ്ട്. ശബരിമല വിഷയം ബി.ജെ.പിക്ക് ഒരിക്കലും അനുകൂലമാകില്ല. പണം തട്ടാനാണ് ബി.ജെ.പി പലയിടത്തും സ്ഥാനാർത്ഥികളെ നിർത്തിയത് എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കോഴിക്കോട് പറഞ്ഞു.