മുല്ലപെരിയാർ ജലം കേരളത്തിലേക്ക് തുറന്ന് വിട്ട് പ്രളയം രൂക്ഷമാക്കിയ തമിഴ്‌നാടിന്‍റെ ഇരട്ടത്താപ്പ് നയം പുറത്ത്

Jaihind Webdesk
Thursday, August 30, 2018

മുല്ലപെരിയാർ ജലം കേരളത്തിലേക്ക് തുറന്ന് വിട്ട് പ്രളയത്തിലാക്കിയ തമിഴ്‌നാടിന്‍റെ ഇരട്ടത്താപ്പ് നയം പുറത്തായി. തേനിയിലെ ആണ്ടിപെട്ടി റോഡ് ഇന്നലെ ഉച്ചക്ക് വെള്ളം ലഭിക്കാതെ വരണ്ടുണങ്ങിയതിനെ തുടർന്ന് സ്ത്രീകൾ ഇന്നലെ ദേശീയപാത ഉപരോധിച്ചു.

മുല്ലപെരിയാറിൽ നിന്നും ജലം കൊണ്ടു പോകുമ്പോഴും. ദൈനംദിന ആവശ്യങ്ങൾക്ക് വെള്ളമില്ലാതെ തമിഴ്‌നാട്ടിലെ തേനി ജില്ല വരണ്ടുണങ്ങുകയാണ്. കൃഷി ആവശ്യങ്ങൾക്ക് പോലും വെള്ളം ലഭിക്കാത്തതിനാൽ കൃഷികളെല്ലാം കരിഞ്ഞുണങ്ങുകയാണ്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് അപായ നിലയിൽ തുടരുമ്പോഴും ജലം കൊണ്ടു പോകാതെ കേരളത്തിനെതിരെ പ്രതികാര നടപടിയാണ് തമിഴ്‌നാട് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.

മുല്ലപെരിയാർ ജലം ശേഖരിക്കുന്ന വൈഗ അണക്കെട്ടും മധുരയിലേക്ക് തുറന്ന് വിട്ടതോടെ വൈഗ അണക്കെട്ടും കാലിയാണ്. വെള്ളം ലഭിക്കാതെ വന്നതോടെ റോഡ് ഉപരോധിച്ച സ്ത്രീകളെയും പുരുഷൻമാരെയും തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. 6 മണിക്കൂറാണ് ഇവർ റോഡ് ഉപരോധിച്ചത്.

തമിഴ്‌നാട് വെള്ളമില്ലാതെ വരണ്ടുണങ്ങുമ്പോഴും മുല്ലപ്പെരിയാറിൽ അപകടകരമായ നിലയിൽ ജലനിരപ്പ് ഉയർത്തി നിർത്തിയിരിക്കുന്നതിൽ ദുരൂഹത ഏറുകയാണ്.

https://youtu.be/b1ggp-BBQvg