ആന്തൂര്‍ നഗരസഭാ അധ്യക്ഷക്കെതിരെ ക്രിമിനല്‍ കേസെടുക്കണം: മുഖ്യമന്ത്രിക്ക് മുല്ലപ്പള്ളിയുടെ കത്ത്

പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയ്ക്ക് കാരണക്കാരിയായ ആന്തൂര്‍ നഗരസഭാ അധ്യക്ഷ ശ്യാമളക്കെതിരെ പ്രേരണാക്കുറ്റത്തിന് ക്രിമിനല്‍ കേസ്സ് എടുക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സാജന്‍റെ ഭാര്യ ബീന കെപിസിസി പ്രസിഡന്‍റിന് നല്‍കിയ നിവേദനത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യന്ത്രിക്ക് നല്‍കിയ കത്തിലാണ് മുല്ലപ്പള്ളി ആവശ്യം ഉന്നയിച്ചത്. ആന്തൂര്‍ നഗരസഭാ അധ്യക്ഷ ശ്യാമളയും ജീവനക്കാരും പ്രതികാരമനോഭാവത്തോടെ മുടന്തന്‍ ന്യായങ്ങള്‍ ഉന്നയിച്ച് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവയ്ക്കുകയാണ് ചെയ്തതെന്ന് കെപിസിസി പ്രസിഡന്‍റ് ചൂണ്ടിക്കാട്ടി.

നഗരസഭാ ചെയര്‍പേഴ്സന്‍റെ കസേരയില്‍ ഇരിക്കുന്നിടത്തോളം കാലം കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് തരില്ലെന്ന് സാജനോടും മാനേജര്‍ സജീവനോടും ശ്യാമള പറഞ്ഞിട്ടുണ്ട്. ഇതില്‍ നിന്ന് തന്നെ നഗരസഭ അധ്യക്ഷയുടെയും ഉദ്യോഗസ്ഥരുടെയും നിസഹരണവും അധികാര ദുര്‍വിനിയോഗവും പ്രകടമാണ്. ജീവിത സമ്പാദ്യവും അധ്വാനവും അധ്യക്ഷയുടെയും ഉദ്യോഗസ്ഥരുടെയും അഹങ്കാരത്തിന് മുന്നില്‍പ്പെട്ട് നഷ്ടപ്പെടുന്നതിലുള്ള മനോവിഷമമാണ് സാജനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചത്. ഇതിനെല്ലാം കാരണക്കാരിയായ നഗരസഭ അധ്യക്ഷയെ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും സംരക്ഷിക്കുന്നതും വെള്ളപൂശുന്നതും സാജന്‍റെ കുടുംബത്തോട് കാണിക്കുന്ന ഏറ്റവും വലിയ അനീതിയാണെന്ന് മുല്ലപ്പള്ളി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി.

Comments (0)
Add Comment