ആടൂരിനെതിരായ ഭീഷണി അപലപനീയം : മുല്ലപ്പള്ളി

Jaihind Webdesk
Thursday, July 25, 2019

മുസ്ലീങ്ങളേയും ദളിതരേയും കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയും കൊലപ്പെടുത്തുകയും ജയ്ശ്രീറാം നിര്‍ബന്ധമായി വിളിപ്പിക്കുകയും ചെയ്യുന്നതിനെതിരെ പ്രതികരിച്ച പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ ഭീഷണിയുമായി ബി.ജെ.പി രംഗത്തെത്തിയത് അങ്ങേയറ്റം അപലപനീയമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇന്ത്യക്കും കേരളത്തിനും നിരവധി അഭിമാന മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചിട്ടുള്ള അടൂരിനെതിരെയാണ് ബി.ജെ.പി അസഹിഷ്ണുതയുടെ വാളോങ്ങിയത്. അടൂര്‍ ഗോപാലകൃഷ്ണനൊപ്പം രാജ്യത്തിന്റെ അഭിമാനഭാജനങ്ങളായ 49 പേരാണ് പ്രധാനമന്ത്രിക്ക് തുറന്ന കത്തില്‍ ഒപ്പിട്ടിരുന്നത്.മോദിസര്‍ക്കാര്‍ രണ്ടാമത് അധികാരമേറ്റതിന് ശേഷവും ഇത്തരം അതിക്രമങ്ങള്‍ പൂര്‍വാധികം ശക്തിയോടെ തുടരുന്ന പശ്ചാത്തലത്തിലാണ് സാംസ്‌കാരിക നായകര്‍ രംഗത്ത് വന്നത്. ഇവരെയെല്ലാം ബി.ജെ.പി ചന്ദ്രനിലേക്ക് അയക്കുമോയെന്നും മുല്ലപ്പള്ളി ചോദിച്ചു.

ഇന്ത്യയില്‍ ജയ്ശ്രീറാം മുഴക്കാന്‍ വേണ്ടിയാണ് ജനങ്ങള്‍ വോട്ടുചെയ്തെന്നു പറയുന്ന ബി.ജെ.പി വക്താവ് ഏതോ മൂഢസ്വര്‍ഗത്തിലാണ്. ജനം എന്തിനാണ് വോട്ട് ചെയ്തെന്ന് പോലും അറിയാത്ത നിരക്ഷരരാണോ ബി.ജെ.പിക്കാരെന്നും മുല്ലപ്പള്ളി ചോദിച്ചു. ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റിന്റെ പവിത്രത നഷ്ടപ്പെട്ടത് 2014 മോദി ആദ്യമായി അധികാരത്തിലെത്തിയപ്പോഴാണ്. രണ്ടാം മോദി സര്‍ക്കാരിന്റെ പ്രഥമ പാര്‍ലമെന്റ് സമ്മേളനത്തില്‍ പുതിയ ലോക്സഭാ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുപോലും ജയ്ശ്രീറാം വിളിയില്‍ അലങ്കോലപ്പെട്ടു. ഇതെല്ലാം ഇന്ത്യന്‍ പാര്‍ലമെന്റിന്റെ അന്തസ്സിനും നാളിതുവരെയുള്ള സഭയുടെ മഹത്തായ പാരമ്പര്യത്തിനും കീഴ്വഴക്കങ്ങള്‍ക്കും എതിരാണ്.
ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിന് വേണ്ടി നിര്‍ബന്ധിപ്പിച്ച് ജയ് വിളിപ്പിക്കുന്നത് മതനിരപേക്ഷ ബഹുസ്വര രാഷ്ട്രത്തിന് ചേര്‍ന്ന നടപടിയല്ല. അന്ധമായ മതചിന്ത അടിച്ചേല്‍പ്പിക്കാന്‍ ബി.ജെ.പി.ശ്രമിച്ചാല്‍ ജനാധിപത്യ മേതതര വിശ്വാസങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന കോണ്‍ഗ്രസിന് ഒരിക്കലും അംഗീകരിക്കാനാ വില്ലെന്നും സാംസ്‌കാരിക നായകര്‍ക്കെതിരായ പ്രസ്താവന പിന്‍വലിച്ച് പൊതുസമൂഹത്തോട് മാപ്പ് പറയാന്‍ ബി.ജെ.പി തയ്യാറാകണമെന്നും മുല്ലപ്പള്ളി പറഞ്ഞു.