മാറ്റിവെച്ച പരീക്ഷകള്‍ നടത്തുന്നതിന് മുന്‍പ് ആരോഗ്യവിദഗ്ധരുമായി ചര്‍ച്ച ചെയ്യണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Sunday, May 17, 2020

Mullappally-1

 

ലോക്ഡൗണിനെ തുടര്‍ന്ന് മാറ്റിവെച്ച എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ നടത്തുന്നതിന് മുന്‍പ് ആരോഗ്യമേഖലയിലെ വിദഗ്ധരുമായി ചര്‍ച്ച ചെയ്യണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ വിവേകപൂര്‍ണ്ണമായ നടപടികളാണ് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടത്. മെയ് 26 മുതല്‍ 30 വരെ പരീക്ഷ നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. ക്വാറന്‍റൈന്‍ സെന്‍ററായി പ്രവര്‍ത്തിക്കുന്ന നിരവധി സ്‌കൂളുകള്‍ പരീക്ഷാ കേന്ദ്രങ്ങളാണ്. 13 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ എഴുതുന്നത്.

ഹോം ക്വാറന്‍റൈനില്‍ കഴിയുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളും പരീക്ഷയെഴുതാന്‍ എത്തുന്നത് രക്ഷിതാക്കളില്‍ ആശങ്ക വര്‍ധിപ്പിക്കുന്നു. കര്‍ശനമായ സാമൂഹിക അകലം പാലിക്കുന്ന കാര്യത്തില്‍ എന്തെങ്കിലും വീഴ്ചയുണ്ടായാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. ആവശ്യമായ യാത്രാസൗര്യമില്ലാത്ത അവസ്ഥയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരിക്ഷാ കേന്ദ്രങ്ങളില്‍ എത്തിപ്പെടാന്‍ ബുദ്ധിമുട്ടായിക്കും. ധൃതിപിടിച്ച് പരീക്ഷ നടത്താനുള്ള തീരുമാനം പുന:പരിശോധിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

ലക്ഷദ്വീപ് ഉള്‍പ്പെടെയുള്ള ചിലഭാഗങ്ങളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ലെന്നും വരാം. അങ്ങനെയെങ്കില്‍ ഇവര്‍ക്ക് മറ്റൊരു അവസരം നല്‍കേണ്ടി വരും. അല്ലെങ്കില്‍ കോടതി കയറുന്ന സ്ഥിതിയും ഉണ്ടാകും. ഇത് പരീക്ഷാ ഫലം വൈകാനും ഇടയാക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.സി.ബി.എസ്.ഇ പരീക്ഷകള്‍ ജൂലൈയിലാണ് നടക്കുന്നത്. ഫലം ഓഗസ്റ്റിലും.അതിനു മുന്‍പ് ഇവിടെ തിരക്കിട്ടു പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ചാലും ഒരു കോഴ്‌സിലും അഡ്മിഷന്‍ നടത്താനാവില്ല. പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം എന്ന ഖ്യാതി നേടാനാണോ കേരള സര്‍ക്കാര്‍ നീക്കമെന്നും മുല്ലപ്പള്ളി ചോദിച്ചു.