ദിശാബോധം നഷ്ടമായ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തയ്യല്‍ തൊഴിലാളി കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘടിതരല്ലാത്തതിനാല്‍ പത്തുലക്ഷം വരുന്ന തയ്യല്‍ത്തൊഴിലാളികളുടേയും അവരുടെ കുടുംബങ്ങളുടേയും കണ്ണുനീരും പ്രയാസവും കേരള സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നു. കൊവിഡ് കാലത്ത് ഏറെ ബുദ്ധിമുട്ടിയ ഇവര്‍ക്ക് അടിയന്തിര സാമ്പത്തിക സഹായം നല്‍കിയില്ല. ക്ഷേനിധിയിലേക്കുള്ള അംശാദായം 20 രൂപയില്‍ നിന്നും 50 രൂപയായി വര്‍ധിപ്പിച്ചിട്ടും ഇവര്‍ക്ക് ആനുപാതിക ആനുകൂല്യങ്ങള്‍ നല്‍കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചികിത്സാ സഹായം, പ്രസവകാല ധനസഹായം തുടങ്ങിയവ ഇടതുസര്‍ക്കാര്‍ വന്ന ശേഷം പൂര്‍ണ്ണമായും നിഷേധിച്ചു. ഇത് പ്രതിഷേധാര്‍ഹമാണ്. സംസ്ഥാന സര്‍ക്കാരിന് ആരോടും പ്രതിബദ്ധതയില്ല. കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, പരമ്പരാഗത, അസംഘടിത മേഖലകളില്‍ പണിയെടുക്കുന്നവര്‍, യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നില്ല. ധാരാളിത്തവും ധൂര്‍ത്തും മാത്രമാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും താല്‍പ്പര്യമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാര്‍, തയ്യല്‍ തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാജ് മോഹന്‍, ജില്ലാ പ്രസിഡന്‍റ് ജയരാമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.