കോടിയേരി ഇരുട്ടുകൊണ്ട്‌ ഓട്ടയടക്കുന്നു : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Friday, October 9, 2020

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സിപിഎം നേതാക്കള്‍ക്കും എതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വസ്‌തുതാപരമായ ചര്‍ച്ച നടത്താതെ മാധ്യമങ്ങളെ അസഭ്യം പറയുന്ന സംസ്ഥാന സെക്രട്ടറി ഇരുട്ടുകൊണ്ട്‌ ഓട്ടയടക്കാനാണ്‌ ശ്രമിക്കുന്നതെന്ന്‌ കെ.പി.സി.സി പ്രസിഡന്‍റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍.

തങ്ങളുടെ ഇംഗിതത്തിന്‌ വഴങ്ങാത്ത മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിയും അധിക്ഷേപിച്ചും ഒപ്പം നിര്‍ത്താനാണ്‌ സിപിഎം ശ്രമം.സിപിഎമ്മിന്‍റെ ജീര്‍ണ്ണത തുറന്നുകാട്ടിയാല്‍ മാധ്യമങ്ങളെ കോര്‍പ്പറേറ്റായി ചിത്രീകരിക്കുന്നു. വികസനനേട്ടം ഒന്നും അവകാശപ്പെടാനില്ലാത്ത സര്‍ക്കാരാണ്‌ ഇപ്പോള്‍ കേരളത്തിലുള്ളതെന്നും മുല്ലപ്പള്ളി പറഞ്ഞു.

അക്രമ രാഷ്ട്രീയത്തിന്‍റെ അപ്പോസ്‌തലന്‍മാരാണ്‌ സിപിഎമ്മുകാര്‍. കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതക കേസിലെ പ്രതി ഇന്നത്തെ മുഖ്യമന്ത്രിയും കാരണക്കാരന്‍ പാര്‍ട്ടി സെക്രട്ടറിയുമാണ്‌. അതേ പാര്‍ട്ടി സെക്രട്ടറിയാണ്‌ സമാധാനത്തിന്‍റെ ഗിരിപ്രഭാഷണം നടത്തുന്നത്‌. അക്രമത്തെ ഉപാസിക്കുന്നവരാണ്‌ സിപിഎം നേതാക്കള്‍. ബോംബ്‌ നിര്‍മ്മാണം അവര്‍ കുടില്‍ വ്യവസായമായി തുടരുന്നു. ഇത്‌ ഉപേക്ഷിക്കാന്‍ സിപിഎം തയ്യാറല്ല.

തൃശ്ശൂരിലെ സിപിഎം ബ്രാഞ്ച്‌ സെക്രട്ടറിയുടെ കൊലപാതക കാരണം രാഷ്ട്രീയമാണെന്ന പരാമര്‍ശം മുഖ്യമന്ത്രിയുടെ പോലീസ്‌ തയ്യാറാക്കിയ എഫ്‌.ഐ.ആറില്‍ പോലുമില്ല.കായംകുളത്തേത്‌ രാഷ്ട്രീയ കൊലപാതകമല്ലെന്ന്‌ അസന്നിഗ്‌ധമായി പറഞ്ഞത്‌ മന്ത്രി ജി.സുധാകരനാണ്‌. വെഞ്ഞാറമൂട്‌ ഇരട്ടക്കൊല രണ്ടു ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ്‌. സി.ബി.ഐ അന്വേഷണം നടത്തിയാല്‍ അത്‌ വ്യക്തമാകും. യാത്ഥാര്‍ഥ്യങ്ങള്‍ ഇതായിരിക്കെ നട്ടാല്‍ കുരുക്കാത്ത നുണപ്രചരിപ്പിക്കുകയാണ്‌ സിപിഎം സംസ്ഥാന സെക്രട്ടറിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

കൊലയാളികള്‍ക്ക്‌ സംരക്ഷണവും പ്രോത്സാഹനവും നല്‍കുന്നത്‌ സിപിഎം ശൈലിയാണ്‌. ഷുഹൈബ്‌, പെരിയ ഇരട്ടക്കൊല, ടിപി ചന്ദ്രശേഖരന്‍ തുടങ്ങിയ കൊലക്കേസുകളില്‍ നാം അത്‌ കണ്ടതാണ്‌. വേട്ടക്കാരോട്‌ ഒപ്പം നിന്ന പാരമ്പര്യമാണ്‌ സിപിഎമ്മിന്‍റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രക്തസാക്ഷികളെ സൃഷ്ടിക്കുകയും അവരുടെ പേരില്‍ കോടികളുടെ ഫണ്ട്‌ പിരിക്കുന്നതിനുമാണ്‌ സിപിഎമ്മിന്‌ എന്നും താല്‍പ്പര്യം. സിപിഎം കൊന്നുതള്ളിയതില്‍ ഭൂരിപക്ഷവും ന്യൂനപക്ഷ-ദളിത്‌ വിഭാഗത്തില്‍ നിന്നും ഉള്ളവരെയാണ്‌. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്‌ ശേഷം മുപ്പതില്‍പ്പരം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു. രാഷ്ട്രീയ കൊലപാതകങ്ങളെ എന്നും അപലപിച്ചിട്ടുള്ള പ്രസ്ഥാനം കോണ്‍ഗ്രസാണ്‌. അക്രമം ഭീരുവിന്‍റെ ആയുധമാണ്‌. ആരോപണങ്ങളെ ശുദ്ധവര്‍ഗീയത കൊണ്ട്‌ മറയ്ക്കാമെന്ന കുടിലതന്ത്രമാണ്‌ പാര്‍ട്ടി സെക്രട്ടറി തുടരെത്തുടരെ നടത്തുന്നത്‌. വര്‍ഗീയ പ്രസ്ഥാനങ്ങളുമായി എന്നും സമരസപ്പെട്ട്‌ പ്രവര്‍ത്തിച്ച പ്രസ്ഥാനം സിപിഎമ്മാണെന്നും മുല്ലപ്പള്ളി പറഞ്ഞു.