കാര്‍ഷിക മേഖലയ്ക്ക്‌ ചരമഗീതം പാടിയ ബില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ; 26 ന് കെ.പി.സി.സിയുടെ പ്രതിഷേധം

Jaihind News Bureau
Monday, September 21, 2020

Mullapaplly-Ramachandran

 

തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയത് രാജ്യത്തെ കാര്‍ഷിക മേഖലയ്ക്ക്‌ ചരമഗീതം പാടിയ ബില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. 70 ശതമാനം ആളുകളും കൃഷിയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന രാജ്യത്ത് നിയമം പ്രാബല്യമാക്കുന്നതോടെ കർഷകർ കോർപ്പറേറ്റുകളുടെ അടിമയായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബില്ലിനെതിരെ വരുന്ന 26 ന് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെ.പി.സി.സി പ്രസിഡന്‍റ് അറിയിച്ചു.

കുത്തക ഭീമന്‍മാര്‍ നിശ്ചയിക്കുന്ന പ്രകാരം കൃഷി ചെയ്യുകയും ഉത്‌പന്നങ്ങള്‍ അവര്‍ പറയുന്ന വിലയ്‌ക്ക്‌ നല്‍കേണ്ട സ്ഥിതിയുമാണ്‌ ഈ ബില്ല്‌ പ്രാബല്യത്തില്‍ വരുന്നതോടെ കര്‍ഷകന്‍ നേരിടേണ്ടി വരിക. ബി.ജെ.പി സര്‍ക്കാരിന്‍റെ നയങ്ങള്‍ ഇതിനോടകംതന്നെ കാര്‍ഷിക മേഖലയെ തകര്‍ത്തു കഴിഞ്ഞു. കര്‍ഷകരെ പൂര്‍ണ്ണമായും അവഗണിച്ചു കൊണ്ടുള്ള പുതിയ നിയമം അവരെ അഗാധമായ പ്രതിസന്ധിയിലേക്ക്‌ തള്ളിവിടുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ബി.ജെ.പി സര്‍ക്കാര്‍ ഏകപക്ഷീയമായിട്ടാണ്‌ കൊണ്ടുവന്ന ബില്ലിലൂടെ കര്‍ഷക ആത്മഹത്യ പതിന്മടങ്ങ്‌ വര്‍ധിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഒരു കൂടിയാലോചനയും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുമായി നടത്തിയില്ല. കണ്‍കറന്‍റ്‌ ലിസ്റ്റില്‍പ്പെടുന്ന വിഷയമായിട്ടുപോലും എന്തുകൊണ്ട്‌ സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം മുഖവിലയ്ക്ക്‌ എടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായില്ല. ജനാധിപത്യവിരുദ്ധവും ഫെഡറല്‍ സംവിധാനത്തിന്‌ മേലുള്ള കടന്നുകയറ്റവുമാണിതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

പാര്‍ലമെന്‍റ്‌ കീഴ്‌വഴക്കങ്ങള്‍ എല്ലാം ലംഘിച്ചാണ്‌ പാസാക്കിയ ബില്ലിനെതിരെ പ്രതിഷേധിച്ച എം.പിമാരെ സസ്‌പെന്‍ഡ്‌ ചെയ്‌ത നടപടി പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ഷകദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച്‌ കെ.പി.സി.സി ആഹ്വാന പ്രകാരം മണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ സെപ്‌റ്റംബര്‍ 26ന്‌ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.