തെരഞ്ഞെടുപ്പില്‍ പൊതുരാഷ്ട്രീയം ചര്‍ച്ചയാകാത്തത് നിര്‍ഭാഗ്യകരം ; വീഴ്ചകള്‍ പരിശോധിക്കും : മുല്ലപ്പള്ളി രാമചന്ദ്രന്‍

 

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ പൊതുരാഷ്ട്രീയം ചര്‍ച്ചയാകാത്തത് നിര്‍ഭാഗ്യകരമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വീഴ്ചകള്‍ എവിടെയെന്ന് സൂക്ഷ്മമായി പരിശോധിക്കും. സംസ്ഥാന ജില്ലാ തലങ്ങളില്‍ വിശദമായ ചര്‍ച്ച നടത്തും. നിയമസഭ തെരഞ്ഞെടുപ്പിന് ഫലപ്രദമായ മുന്നൊരുക്കം നടത്തുമെന്നും കെപിസിസി അധ്യക്ഷന്‍ മാധ്യമങ്ങളോട് പറഞ്ഞു.

തദ്ദേശ  തെരഞ്ഞെടുപ്പ് സംബന്ധിച്ച് രാഷ്ട്രീയകാര്യ സമിതി ചർച്ച ചെയ്തു. ആരോഗ്യപരവും ഫലപ്രദവുമായ ചർച്ചകൾ നടന്നു.  തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 2015നേക്കാള്‍ നേട്ടമുണ്ടാക്കി. എന്നാല്‍ പ്രതീക്ഷിച്ചത്ര നേട്ടമുണ്ടാക്കാനായില്ല. വീഴ്ചകള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്ത് തിരുത്തലുകള്‍ വരുത്തും. ബിജെപിയും സിപിഎമ്മും തെരഞ്ഞടുപ്പില്‍ പണം ഒഴുക്കി.  വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഉജ്ജ്വല വിജയം നേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

വീഴ്ചകള്‍ സംബന്ധിച്ച് രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, എംപിമാര്‍, എംഎല്‍എമാര്‍ ഉള്‍പ്പടെയുളളവര്‍ ജനുവരി 6,7 ദിവസങ്ങളില്‍ യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്യും. നാളെ കെപിസിസി സെക്രട്ടറിമാരും ജില്ലാ സെക്രട്ടറിമാരും  യോഗം ചേരും. ജനുവരി 22 ന് ബ്ലോക്ക് തല ചര്‍ച്ച നടക്കും. 23, 24,26 തീയതികളില്‍ 14 ജില്ലകളിലും ചര്‍ച്ചകള്‍ നടക്കും. പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

സീറ്റ് നിര്‍ണ്ണയകാര്യത്തില്‍ വീഴ്ചപറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കും. പ്രവര്‍ത്തകര്‍ വിയോജിപ്പ് പാര്‍ട്ടി ഫോറത്തില്‍ പറയണം. പരസ്യമായി പോസ്റ്ററുകള്‍ പതിക്കുന്നത് ശരിയല്ല. മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായം പറയുമ്പോള്‍ ആത്മനിയന്ത്രണം വേണം. മധ്യതിരുവിതാംകൂറില്‍ ജോസ് കെ മാണിയുടെ വിട്ടുപോക്ക് മാത്രമല്ല വോട്ട് ചോര്‍ച്ചക്ക് കാരണം. പ്രതിപക്ഷ നേതാവ് നിര്‍വഹിച്ചത് പ്രതിപക്ഷ ധര്‍മ്മമാണെന്നും വാര്‍ത്താസമ്മേളനങ്ങളില്‍ പറഞ്ഞതെല്ലാം വസ്തുതകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

https://www.facebook.com/JaihindNewsChannel/videos/226717472144114

mullappally ramachandran
Comments (0)
Add Comment