മുല്ലപ്പള്ളി രാമചന്ദ്രൻ കെ.പി.സി.സിയുടെ തലപ്പത്ത് എത്തുമ്പോൾ സംഘടനയ്ക്ക് പ്രതീക്ഷകൾ ഏറെ. സുദീർഘമായ പൊതുപ്രവർത്തന പാരമ്പര്യത്തിന്റെ കൈമുതലുമായാണ് അദ്ദേഹം കേരളത്തിലെ കോൺഗ്രസിന്റെ കടിഞ്ഞാൺ ഏറ്റെടുക്കുന്നത്.
കടത്തനാടൻ മണ്ണിൽ വടക്കൻ പാട്ടുകളുടെ ഈരടികൾ കേട്ടാണ് മുല്ലപ്പള്ളി വളർന്നത്. കളരി വിളക്ക് തെളിയുന്ന, വായുവിൽ ഉറുമികൾ നൃത്തം വെക്കുന്ന ഐതിഹ്യപ്പെരുമയുടെ ലോകനാർകാവിന് ചുറ്റുമുള്ള നാടിന്റെ ചൂടും ചൂരും ഹൃദയത്തിലേറ്റു വാങ്ങി മൂവർണക്കൊടി തണലിലേക്ക് മുല്ലപ്പള്ളി കടന്നു വന്നു. പിഴയ്ക്കാത്ത അങ്കച്ചുവടുകൾ പോലയുള്ള കണിശതയും, ചിട്ടയും അദ്ദേഹത്തിന്റെ പ്രവർത്തന ശൈലിക്ക് തുണ പോകുന്നത് ജനിച്ച നാടിന്റെ നാഡീസ്പന്ദനങ്ങൾ അറിഞ്ഞ് വളർന്നതുകൊണ്ടാണ്.
1944 നവംബർ 7ന് വടകരക്കടുത്ത് ചോമ്പാലയിൽ ജനനം. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന മുല്ലപ്പള്ളി ഗോപാലന്റെയും പാറുവമ്മയുടെയും മകന് ദേശീയ പ്രസ്ഥാനത്തിന്റെ വഴികൾ അപരിചിതമാകില്ലല്ലോ. ചോമ്പാലയിലെ മഹാത്മാ വായനശാലയിലെ പുസ്തകങ്ങളോടായിരുന്നു ആദ്യ പ്രണയം. വിദ്യാർഥിയായിരിക്കുമ്പോൾ കെ.എസ്.യുവിലൂടെ പൊതുരംഗത്ത്. മടപ്പള്ളി സർക്കാർ കോളേജ്, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, ലോ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
https://www.youtube.com/watch?v=WMxglbh_tkw
കേരളം വിദ്യാർഥി പ്രക്ഷോഭങ്ങളിൽ ഇളകി മറിഞ്ഞ 1967-69 കാലഘട്ടങ്ങളിലെ സമരപഥങ്ങളിൽ മുല്ലപ്പള്ളി രാമചന്ദ്രൻ എന്ന കെ.എസ്.യു നേതാവിന്റെ വെള്ള ഖദർക്കുപ്പായത്തിൽ ഒരുപാട് ചോരത്തുള്ളികൾ പടർന്നൊഴുകി. ഉമ്മൻചാണ്ടി സംസ്ഥാന അധ്യക്ഷനായ കെ.എസ്.യു കമ്മിറ്റിയിൽ ഉപാധ്യക്ഷനായിരുന്നു മുല്ലപ്പള്ളി. 1977 മുതൽ 82 വരെ കേരളത്തിലെ യൂത്ത് കോൺഗ്രസിനെ നയിച്ച ഈ വടകരക്കാരൻ കോൺഗ്രസിൽ യുവവസന്തം തന്നെ തീർത്തു.
1978 ൽ കേന്ദ്രത്തിൽ അധികാരത്തിലുണ്ടായിരുന്ന ജനതാപാർട്ടി സർക്കാരിനെതിരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 58 ദിവസം നീണ്ട പദയാത്ര നയിച്ച മുല്ലപ്പള്ളിയുടെ കീർത്തി ഇന്ദ്രപ്രസ്ഥത്തിലും അലയടിച്ചു. ഇന്ദിരാ ഗാന്ധിയുടെ വാത്സല്യത്തണൽ എന്നും മുല്ലപ്പള്ളിക്കുണ്ടായിരുന്നു. പിന്നീട് രാജീവ് ഗാന്ധി മുതൽ രാഹുൽ ഗാന്ധി വരെ ആ കുടുംബത്തിലെ എല്ലാ കണ്ണികളോടും ഹൃദയത്തിൽ തൊട്ട അടുപ്പം അദ്ദേഹം കാത്തുസൂക്ഷിച്ചു
1984 ൽ കണ്ണൂരിൽ നിന്ന് ആദ്യമായി ലോക്‌സഭയിൽ എത്തി. പിന്നീടിങ്ങോട്ട് 6 തവണ കൂടി ജനകീയ ആംഗീകാരം എം.പി എന്ന മുദ്ര ചാർത്തിക്കൊടുത്തു. കേന്ദ്രത്തിൽ രണ്ട് തവണ മന്ത്രിയായി. ആദ്യം കാർഷിക-സഹകരണ വകുപ്പുകളുടെ ചുമതല. രണ്ടാംവട്ടം ആഭ്യന്തര സഹമന്ത്രി. നിരവധി സുപ്രധാന പാർലമെന്ററി സമിതികളിൽ അംഗമായിരുന്നു. പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൈപിടിച്ച് കൊണ്ടുവരാൻ എന്നും മുന്നിൽ നിന്ന ഭരണമികവ് രാജ്യം കണ്ടു. ഇതിനിടയിൽ സംഘടനാരംഗത്തും ഉന്നത പദവികൾ അദ്ദേഹത്തെ തേടിയെത്തി.
കെ.പി.സി.സി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, എ.ഐ.സി.സി സെക്രട്ടറി – ഇങ്ങനെ ഏറ്റെടുത്ത സ്ഥാനങ്ങളിൽ എല്ലാം തിളങ്ങി. രാഹുൽ ഗാന്ധിയെ എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്ത് അവരോധിച്ച സംഘടനാ തിരഞ്ഞെടുപ്പിന് ചുക്കാൻ പിടിച്ചതും മുല്ലപ്പള്ളി തന്നെയായിരുന്നു.
അനുഭവങ്ങളുടെ ഉലയിൽ ഊതിക്കാച്ചിയ പതിറ്റാണ്ടുകളുടെ പ്രവർത്തന പാരമ്പര്യവുമായാണ് കെ.പി.സി.സിയുടെ കടിഞ്ഞാൺ മുല്ലപ്പള്ളി ഏറ്റെടുക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പാണ് മുന്നിലുള്ള ആദ്യ ദൗത്യം. രാഷ്ട്രീയ കളരിയിലെ പതിനെട്ടടവും വശമുള്ള മുല്ലപ്പള്ളി രാമചന്ദ്രന് അങ്കം ജയിക്കേണ്ടതെങ്ങനെയെന്ന് നന്നായറിയാം. ആ നേതൃക്കരുത്തിൽ പ്രതീക്ഷയർപ്പിക്കുകയാണ് കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനം.