മുഖ്യമന്ത്രിക്ക് പകരം ചീഫ് സെക്രട്ടറി കേരളം ഭരിക്കുന്ന ഞെട്ടിക്കുന്ന അവസ്ഥയുടെ ദുരന്തഫലങ്ങളാണ് നാട് ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ചീഫ് സെക്രട്ടറി ഒരു ഇംഗ്ലീഷ് പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നത് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് യുദ്ധമാണെന്നും ഇതില്‍ കൊല്ലുകയോ കൊല്ലപ്പെടുകയോ ചെയ്യാമെന്നുമാണ്. നിയമസഭ സമ്മേളിച്ചു കൊണ്ടിരിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് പകരം ചീഫ് സെക്രട്ടറി നടത്തിയ സര്‍ക്കാരിന്‍റെ നയപ്രഖ്യാപനമാണിത്. ഇത് ചട്ടലംഘനമാണ്. ഇതിനോട് മുഖ്യമന്ത്രിയുടെ പ്രതികരണം എന്താണെന്ന് വ്യക്തമാക്കണം.
സി.പി.എം അംഗങ്ങളുടെ മേല്‍ യു.എ.പി.എ ചുമത്തിയത് മുഖ്യമന്ത്രിയും പോലീസിലെ ഉന്നതരും അറിഞ്ഞുകൊണ്ട് തന്നെയാണ്. പാര്‍ലമെന്‍റില്‍ യു.എ.പി.എ വിഷയത്തില്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച സിപിഎമ്മിന്‍റെ ഉന്നത നേതാവ് കൂടിയാണ് കേരള മുഖ്യമന്ത്രി. നയപരമായ തീരുമാനം എടുക്കുമ്പോള്‍ അത് മുഖ്യമന്ത്രി അറിയാതെയാണെന്ന് പറയുന്നത് അവശ്വസനീയമാണ്. നരേന്ദ്ര മോദിയുടെ അതേ പാതതന്നെയാണ് മാവോയിസ്റ്റ് വേട്ടയില്‍ പിണറായിയും സ്വീകരിക്കുന്നത്. ലാവിലിന്‍ കേസ് ഉള്ളിടത്തോളം കാലം പിണറായി വിജയന്‍ മോദി പറയുന്നത് മാത്രമേ നടപ്പാക്കൂ.
മാവോയിസ്റ്റുകളെ കൂട്ടക്കൊല നടത്തുന്നതിലും അകാരണമായി യു.എ.പി.എ ചുമത്തുന്നതിലും അതിശക്തമായ പ്രതിഷേധവുമായി സി.പി.ഐ രംഗത്തുവന്നതോടെ സര്‍ക്കാരിന്‍റെ കൂട്ടുത്തരവാദിത്വം തകര്‍ന്നു. ഇടതുമുന്നണിയെന്നാല്‍ സി.പി.എമ്മും സി.പി.എം എന്നാല്‍ പിണറായി വിജയനും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.സി.പി.എം കേന്ദ്രഘടകങ്ങളേയും സംസ്ഥാന ഘടകങ്ങളേയും ഇപ്പോള്‍ മുഖ്യമന്ത്രിയുടെ കോന്തലയില്‍ കെട്ടിയിട്ടിരിക്കുകയാണ്. യു.എ.പി.എ ചുമത്തിയതിനെതിരെ സി.പി.ഐ. പ്രതിഷേധം ഉയര്‍ത്തിയെങ്കിലും പ്രതികള്‍ മാവോയിസ്റ്റാണെന്നാണ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് സി.പി.ഐ.യുടെ മുഖത്തേറ്റ മറ്റൊരടിയാണ്. ഇതിനെതിരേ കൂടുതല്‍ ശക്തമായ പ്രതിഷേധവുമായി സി.പി.ഐ രംഗത്ത് വരണം. വിനീതദാസന്‍മാരായി നില്‍ക്കുന്ന നിലപാട് ഇനിയെങ്കിലും സി.പി.ഐ മാറ്റണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.