ലോക്ഡൗണ്‍; കണ്ണൂര്‍ എസ്.പിയുടെ പരസ്യ ശിക്ഷാ നടപടി പ്രാകൃതം: മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം:  ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് കടയ്ക്ക് മുന്നില്‍ നിന്നവരെ കണ്ണൂര്‍ എസ്.പി പരസ്യമായി ഏത്തമിടീപ്പിച്ച നടപടി പ്രാകൃതവും മനുഷ്യത്വരഹിതവുമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ്  മുല്ലപ്പള്ളി രാമചന്ദ്രന്‍.

കോളനിവാഴ്ചകാലത്ത് ബ്രിട്ടീഷ് പോലീസ് കാണിക്കാത്ത നടപടിയാണ് എസ്.പിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. ലോക്ഡൗണിന്‍റെ അഞ്ചാം ദിനം ജനം പൂര്‍ണമായും കോവിഡ് പ്രതിരോധ നടപടികളുമായി സഹരിക്കുന്നുണ്ട്. കൂടാതെ സാമൂഹിക അകലം പാലിച്ച് അവശ്യസാധനങ്ങളും  മറ്റും വാങ്ങാന്‍ സര്‍ക്കാര്‍ അനുമതിയും നല്‍കിയിട്ടുണ്ട്.

മാനവികതയുടെ മുഖം നഷ്ടമായ പൊലീസ് ഉദ്യോഗസ്ഥര്‍ പൊലീസ് സേനയ്ക്ക് തന്നെ അപമാനമാണ്. സൗഹൃദ പൊലീസെന്നത് അധരവ്യായാമം മാത്രമായി ചുരുങ്ങി. ഇത് മധ്യകാലഘട്ടത്തിലേക്കുള്ള തിരിച്ചുപോക്കാണ്. നിയമം കയ്യിലെടുക്കുന്ന ഉദ്യോഗസ്ഥന്‍ എത്ര ഉന്നതനായാലും ജനാധിപത്യ സംവിധാനത്തിന് അത് വെച്ചു പൊറുപ്പിക്കാന്‍ സാധ്യമല്ല. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ സാംസ്‌കാരിക കേരളം തയാറാകണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു.

Comments (0)
Add Comment