സാലറി കട്ട് ഓര്‍ഡിനന്‍സ് കോടതിയോടുള്ള വെല്ലുവിളി, സര്‍ക്കാര്‍ നീക്കം അംഗീകരിക്കാനാവില്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Wednesday, April 29, 2020

Mullapaplly-Ramachandran

തിരുവനന്തപുരം: നിര്‍ബന്ധിതമായി ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ നീക്കം സ്‌റ്റേ ചെയ്ത ഹൈക്കോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള മന്ത്രിസഭാ തീരുമാനം കോടതിയോടുള്ള വെല്ലുവിളിയാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ഓര്‍ഡിനന്‍സ് ഇറക്കാനുള്ള സര്‍ക്കാര്‍ നീക്കം ഒരിക്കലും അംഗീകരിക്കാനാവില്ല. ഇത് ഫാസിസ്റ്റ് ശൈലിയാണ്. തൊഴിലാളികളുടെ അവാശപോരാട്ടങ്ങളുടെ കഥപറയുന്ന സി.പി.എം തൊഴിലാളികളെ വഞ്ചിക്കുന്ന പാര്‍ട്ടിയായി മാറി. ചങ്ങാത്ത മുതലാളിത്വത്തിന്റെ പാതയില്‍ സഞ്ചരിക്കുന്ന സി.പി.എം തൊഴിലാളികളെ മറക്കുന്നു. ജുഡീഷ്യറിയോട് ഒരിക്കലും ആദരവ് പ്രകടിപ്പിക്കാത്ത പാര്‍ട്ടിയാണ് സി.പി.എം.ബൂര്‍ഷ്വാ കോടതി തുലയട്ടെയെന്ന് പലഘട്ടങ്ങളില്‍ വിളിച്ച് കൂവിയ പാര്‍ട്ടിയാണ് സി.പി.എം.

കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 2001 ലെ എ.കെ.ആന്റണി മന്ത്രിസഭ ജീവനക്കാരുടെ ഡി.എ വെട്ടികുറച്ചതിനെതിരെ 41 ദിവസം സമരം ചെയ്തവരാണ് ഇന്ന് ജീവനക്കാരെ അവഹേളിക്കാനും അപമാനിക്കാനും രംഗത്ത് വരുന്നത്. അന്ന് പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചും കുത്തിയിരുപ്പും നടത്തിയ നേതാവാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്രത്തിലെ പരിഹാസ്യമായ ഒരേടാണിതെന്ന് മുല്ലപ്പള്ളി പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യം വെട്ടിക്കുറയ്ക്കുന്നതിനെതിരെ തമിഴ്‌നാട്ടില്‍ ഇടതു സര്‍വീസ് സംഘടന ശക്തമായി രംഗത്തുവന്നിട്ടുണ്ട്. തൊഴിലാളി വര്‍ഗ്ഗപാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സി.പി.എമ്മിന്‍റെ കേന്ദ്ര നേതൃത്വം നിലപാട് എന്താണെന്ന് വ്യക്തമാക്കണം. സര്‍ക്കാരിന്‍റെ ധൂര്‍ത്തും ധാരാളിത്തവും ലക്കുംലഗാനുമില്ലാതെ തുടരുമ്പോഴാണ് ജീവനക്കാരുടെ വയറ്റത്തടിക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നത്. ഇത് കാട്ടുനീതിയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന ധൂര്‍ത്തും ആഡംബരവും കുറച്ചുകൊണ്ട് മാതൃക കാണിക്കുകയാണ് ആദ്യം വേണ്ടത്.

കോവിഡ് പശ്ചാത്തലത്തിലെ സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജനങ്ങളുടെ നികുതിപ്പണം സര്‍ക്കാരിന്റെ ദുര്‍വ്യയങ്ങള്‍ക്ക് ചെലവാക്കാനാണ് ശ്രമം. അതിന്റെ ഭാഗമാണ് പെരിയ ഇരട്ടക്കൊലക്കേസിലെ സി.ബി.ഐ അന്വേഷണം അട്ടിമറിക്കാനായി സര്‍ക്കാര്‍ പുറത്തുനിന്നും കൊണ്ടുവന്ന അഭിഭാഷകരുടെ ബിസിനസ്സ് ക്ലാസ് വിമാനയാത്രാക്കൂലിയും പഞ്ചനക്ഷത്ര ഹോട്ടലിലെ ബില്ലും നല്‍കാന്‍ ഖജനാവില്‍ നിന്നും തുക അനുവദിച്ചത്. നേരത്തെ ഇവരുടെ ഫീസിനത്തില്‍ 88 ലക്ഷം രൂപ നല്‍കിയിരുന്നു.

ജീവനക്കാരോട് മുണ്ടുമുറുക്കി ഉടുക്കാന്‍ പറയുകയും മുഖ്യമന്ത്രിയും മന്ത്രിമാരും ആര്‍ഭാടവും ധൂര്‍ത്തും നടത്തി പര്‌സ്പരം മത്സരിക്കുകയുമാണ് ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ ആകാശയാത്രക്കായി ഹെലികോപ്ടര്‍ വാടകയ്‌ക്കെടുത്ത വകയില്‍ ഒന്നേമുക്കാല്‍ കോടിയാണ് പ്രതിമാസം ഖജനാവിന് നഷ്ടം.ഇതിനെല്ലാം പുറമെ മുഖ്യമന്ത്രിക്കായി എട്ട് ഉപദേശകര്‍, അധികമായി നാലു കാബിനറ്റ് പദവി, സെപ്ഷ്യല്‍ ലെയ്‌സണ്‍ ഓഫീസര്‍, മുഖ്യമന്ത്രിയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാനും സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യാനും സ്വകാര്യ പി.ആര്‍.ഏജന്‍സികളുടെ സേവനം, ഭരണപരിഷ്‌ക്കാര കമ്മീഷന്‍ തുടങ്ങി സര്‍ക്കാരിന്റെ അനാവശ്യ ചെലുവുകകളുടെ പട്ടിക നീളുകയാണ്.

പാഴ്‌ചെലവുകള്‍ നിയന്ത്രിക്കുന്നതിനോ കിട്ടാനുള്ള നികുതി പിരിച്ചെടുക്കാനോ സര്‍ക്കാരിന് കഴിയുന്നില്ല. നികുതി കുടിശ്ശിക 30000 കോടിക്കും വാറ്റ് കുടിശ്ശിക 13000 കോടിക്കും മുകളിലുണ്ട്. പിണറായി സര്‍ക്കാര്‍ കടം എടുത്ത് ധൂര്‍ത്ത് നടത്തുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഒന്നരം ലക്ഷം കോടി രൂപയായിരുന്നു കേരളത്തിന്റെ കടബാധ്യതയെങ്കില്‍ നാലുവര്‍ഷം കൊണ്ട് ഇടതുസര്‍ക്കാര്‍ മൂന്നര ലക്ഷം കോടിയിലെത്തിച്ചു.

250ലധികം ക്വാറികളും 500ല്‍ അധികം ബാറുകളും അനുവദിച്ച് ശതകോടികള്‍ സമാഹരിച്ച സിപിഎമ്മിന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്ലൊരു തുക നല്‍കാന്‍ കഴിയുമെന്നിരിക്കെ പ്രതിസന്ധിഘട്ടത്തില്‍ കഷ്ടത അനുഭവിക്കുന്ന ജീവനക്കാരെ പിഴിയുന്ന നടപടി ഒരിക്കലും അനുവദിക്കാന്‍ കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.