ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കിയത് സര്‍ക്കാർ ധാര്‍ഷ്ട്യത്തിനേറ്റ കനത്ത പ്രഹരം : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Friday, April 16, 2021

 

തിരുവനന്തപുരം : ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനേറ്റ കനത്ത പ്രഹരമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തെളിവുകള്‍ എതിരായപ്പോള്‍ അന്വേഷണം തന്നിലേക്ക് തിരിയുമെന്ന് മുഖ്യമന്ത്രി ഭയന്നു.ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെയാണോ മുഖ്യമന്ത്രി ഇഡിക്കെതിരെ ക്രൈംബ്രാഞ്ചിനെ കൊണ്ട് കേസെടുത്തത്? കേരളത്തിലെ നിയമവിദഗ്ധരുമായി ഒരു കൂടിയാലോചനയും നടത്താതെയാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ എടുത്തുച്ചാട്ടം നടത്തിയത്.

ബിജെപിയുമായി തെരഞ്ഞെടുപ്പ് രഹസ്യധാരണ ഉണ്ടാക്കിയശേഷം കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുന്ന ഇരയെന്ന പ്രതിച്ഛായ സൃഷ്ടിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രത്തിന്റെ ഭാഗമായിരുന്നു ഇതിനെല്ലാം പിന്നില്‍. സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ക്കടത്ത്, ലൈഫ് മിഷന്‍ ക്രമക്കേട് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രിയും സിപിഎമ്മും കേരളീയ സമൂഹത്തോട് മറുപടി പറയേണ്ട ഘട്ടമെത്തിയപ്പോള്‍ ജനശ്രദ്ധ തിരിക്കാനുള്ള അടവുനയമാണ് കേന്ദ്ര ഏജന്‍സികള്‍ക്കെതിരെയുള്ള ക്രൈംബ്രാഞ്ച് കേസ്. ഇക്കാര്യം താന്‍ തുടക്കം മുതല്‍ ചൂണ്ടിക്കാട്ടിയതാണ്.

മുഖ്യമന്ത്രിക്കെതിരെ മൊഴിനല്‍കാന്‍ സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതിസ്വപ്ന സുരേഷിന് മേല്‍ ഇഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന വനിതാ പോലീസ് ഉദ്യോഗസ്ഥ വെളിപ്പെടുത്തലിന്റെ പേരിലാണ് മുഖ്യമന്ത്രി കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ തിരിഞ്ഞത്. എന്നാല്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്ന ദിവസങ്ങളില്‍ വനിതാപോലീസ് ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിലാണ് ഈ ചോദ്യം ചെയ്യല്‍ നടന്നതെന്ന് കോടതിരേഖകളിലൂടെ പുറത്തുവന്നു.ഇതിന് പിന്നിലെ ഗൂഢാലോചന പരിശോധിക്കേണ്ട കേരള പൊലീസ് നാളിതുവരെ ഒരു അന്വേഷണവും പ്രഖ്യാപിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.