സി.പി.എമ്മിന്‍റേത് അവസരവാദ രാഷ്ട്രീയം: മുല്ലപ്പള്ളി രാമചന്ദ്രന്‍

 

തിരുവനന്തപുരം :  അവസരവാദ രാഷ്ട്രീയമാണ് സിപിഎം സ്വീകരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അതിന് ഉദാഹരണമാണ് കേരള കോണ്‍ഗ്രസിനോട് ഇപ്പോഴുള്ള സിപിഎമ്മിന്‍റെ സമീപനം. കേരള കോണ്‍ഗ്രസിനെയും കെ.എം.മാണിയേയും വേട്ടയാടിയവരാണ് സിപിഎമ്മുകാര്‍. പഴയ സംഭവങ്ങള്‍ ഇത്ര പെട്ടെന്ന് സിപിഎം പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രിയും മറന്നുപോയോയെന്നും താല്‍ക്കാലിക രാഷ്ട്രീയ നേട്ടമാണ് സിപിഎമ്മിന്‍റെ ലക്ഷ്യമെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുഖ്യമന്ത്രി ആരോപണങ്ങളുടെ ശരശയ്യയിലാണ്. നിയമസഭയിലെ മുഖ്യമന്ത്രിയുടെ പ്രസംഗം അദ്ദേഹത്തിനും കേട്ട പൊതുജനത്തിനും മനസിലായില്ല. സമയംകൊല്ലി പ്രസംഗമാണ് മുഖ്യമന്ത്രി നടത്തിയത്. അറുബോറന്‍ പ്രസംഗം നടത്തിയെന്നല്ലാതെ പ്രതിപക്ഷത്തിന്‍റെ ഒരു ആരോപണങ്ങള്‍ക്കു പോലും മറുപടി പറയാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായക രേഖകള്‍ സെക്രട്ടേറിയറ്റിനുള്ളിലുണ്ടെന്ന് മനസിലാക്കിയിട്ടും അവ പിടിച്ചെടുക്കുന്നതില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കാലവിളംബം കാട്ടുന്നത് കുറ്റവാളികളെ സഹായിക്കാനാണോയെന്ന് സംശയിക്കേണ്ടിരിക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു. നിര്‍ഭയവും സ്വതന്ത്രവും സത്യസന്ധവുമായ അന്വേഷണം കേന്ദ്ര ഏജന്‍സികളുടെ ഭാഗത്ത് നിന്നും ഉണ്ടായാല്‍ ഈ കേസിലെ പ്രതികള്‍ പിടിക്കപ്പെടും. തെളിവുകള്‍ നശിപ്പിക്കാന്‍ അവസരം കൊടുക്കരുത്. ഫയല്‍ കത്തിച്ചത് പോലുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ നടപടി ഉണ്ടാകണം.

ശശി തരൂര്‍ വിഷയം അടഞ്ഞ അധ്യായമാണ്. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ പ്രതികരണത്തിന് തയ്യാറല്ല. പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുല്ലപ്പള്ളി പറഞ്ഞു.

Comments (0)
Add Comment