എം.വി ഗോവിന്ദന് സംഘപരിവാര്‍ മനസ്സ് : മുല്ലപ്പള്ളി രാമചന്ദ്രന്‍

ഇന്ത്യയില്‍ ജനിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗതിന്‍റെ അതേ ഭാഷയിലാണ് സിപിഎം കേന്ദ്രകമ്മറ്റി അംഗം എംവി ഗോവിന്ദന്‍ സംസാരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

സംഘപരിവാര്‍ ശക്തികള്‍ ഉയര്‍ത്തുന്ന ഹിന്ദുരാഷ്ട്ര വാദത്തെ പൂര്‍ണ്ണമായും അംഗീകരിക്കുന്ന നിലപാടാണ് അദ്ദേഹത്തിന്‍റെത്. ജനിക്കുമ്പോള്‍ എല്ലാവരും ഹിന്ദുക്കളാണെന്നാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗത് വാദിക്കുന്നതും പറയുന്നതും. അതേവാദഗതിയാണ് ഇപ്പോള്‍ സിപിഎം നേതൃത്വം ഉയര്‍ത്തുന്നത്. ഇതിലൂടെ സിപിഎമ്മിന്‍റെയും ബിജെപിയുടെയും മാനസികാവസ്ഥയും നിലപാടും ഒന്നു തന്നെയെന്ന് കേരളീയ സമൂഹത്തിന് വ്യക്തമായെന്നും മുല്ലപ്പള്ളി പറഞ്ഞു.

രാഷ്ട്രീയ ലാഭത്തിന് ഏത് അടവ് നയവും സ്വീകരിക്കാമെന്ന തന്ത്രമാണ് സിപിഎം പയറ്റുന്നത്. വര്‍ഷങ്ങളായി സിപിഎം ജനമധ്യത്തില്‍ സ്വീകരിക്കുന്ന നിലപാടും ഇതു തന്നെയാണ്. അധികാരം നേടാനും നിലനിര്‍ത്താനും ഏത് ഹീനപ്രവര്‍ത്തിയും നടത്താം. അത്തരമൊരു നടപടിയാണ് ശബരിമല വിഷയത്തില്‍ സിപിഎം സ്വീകരിച്ചത്. സംഘപരിവാര്‍ ശക്തികള്‍ക്ക് വളരാനുള്ള അവസരം നല്‍കുന്നതോടൊപ്പം വിശ്വാസികളെ വഞ്ചിക്കുകയും ചെയ്തു.

ജന്മിത്വത്തിന്റെ പിടിയില്‍ നിന്നും നാം ഇതുവരെ മോചിതരായിട്ടില്ലെന്ന എംവി ഗോവിന്ദന്റെ തുറന്ന് പറച്ചില്‍ സിപിഎമ്മിനെ സംബന്ധിച്ചടുത്തോളം അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. ചങ്ങാത്ത മുതാളിത്വത്തിന്റെ പാതയില്‍ സിപിഎം സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് നാളെറെയായി. ഇന്നത്തെ ചില സിപിഎം നേതാക്കളുടെ ജീവിതവും മനോഭാവവും ജന്‍മിത്വകാലത്തെ അനുസ്മരിപ്പിക്കുന്നതാണ്. അധ്വാനവര്‍ഗ്ഗം, മുദ്രാവാക്യം മുഴക്കുന്ന തൊഴിലാളികള്‍ മാത്രമാണെന്നാണ് സിപിഎം കരുതുന്നത്. അതിന് അപ്പുറം അവര്‍ക്ക് ഒരു പരിഗണനയും സിപിഎം നല്‍കുന്നില്ല.

കമ്മ്യൂണിസ്റ്റ് ആശയങ്ങളും തത്വങ്ങളും സിപിഎം ഉപേക്ഷിച്ചു. വൈരുദ്ധ്യാത്മിക ഭൗതികവാദമെന്ന മാര്‍ക്‌സിയന്‍ തത്വം ഇന്നത്തെ കാലഘട്ടത്തില്‍ പ്രസക്തമല്ലെന്നാണ് എംവി ഗോവിന്ദന്റെ കണ്ടുപിടിത്തം. ഇത് എത്രയോ നാളായി ജനാധിപത്യ മതേതരകക്ഷികള്‍ തുടരെത്തുടരെ പറയുന്നതാണ്.വൈരുദ്ധ്യാത്മിക ഭൗതികവാദം ഒരു കാലത്തും പ്രസക്തമല്ലെന്ന കാര്യം ലോകകമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പതനം തെളിയിച്ചതാണ്.ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കാനാകുമോയെന്ന ഒരു അവസാന പരീക്ഷണത്തിലാണ് കേരളത്തിലെ സിപിഎം എന്നതിന് തെളിവാണ് ഗോവിന്ദന്റെ പ്രസ്താവനയെന്നും മുല്ലപ്പള്ളി പറഞ്ഞു.

Comments (0)
Add Comment