വനിതാ ഉദ്യോഗസ്ഥരെ അപമാനിക്കുന്നതാണോ നവോത്ഥാനം? സി.പി.എമ്മിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍

ദേവികുളം സബ്കളക്ടര്‍ രേണുരാജിനെ പരസ്യമായി അധിക്ഷേപിച്ച എസ്. രാജേന്ദ്രന്‍ എം.എല്‍.എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വനിതാ ഉദ്യോഗസ്ഥരെ അപമാനിക്കുന്നതാണോ സി.പി.എമ്മിന്റെ നവോത്ഥാനമെന്ന് അദ്ദേഹം ചോദിച്ചു. സബ്കളക്ടറെ എം.എല്‍.എ ശകാരിച്ച സംഭവത്തില്‍ സി.പി.എം നിലപാട് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. സി.പി.എമ്മിന്റേത് ജീര്‍ണ്ണതയുടെ സംസ്‌കാരമാണ്. പെമ്പിളൈ ഒരുമൈ സമരകാലത്തും എം.എല്‍.എ സമാനമായ രീതിയില്‍ സ്ത്രീകളെ അധിക്ഷേപിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന റാഫേല്‍ അഴിമതിയില്‍ പിണറായി വിജയനും,കോടിയേരി ബാലകൃഷ്ണനും മൗനിയാകുന്നതെന്താണെന്ന് കെ.പി.സി.സി പ്രസിഡന്റ് ചോദിച്ചു. ലാവ്‌ലിന്‍ അഴിമതിയുടെ ചുരുളഴിയുമോ എന്ന ഭയമാണ് പ്രതികരിക്കാതിരിക്കാന്‍ കാരണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസ് തിരിച്ചു വരുന്നു എന്നതിന്റെ ഉദാഹരണമാണ് ജനമഹായാത്രയിലെ വന്‍ ജനപങ്കാളിത്തമെന്നു അദ്ദേഹം പറഞ്ഞു.

ആഴത്തിലുള്ള ആത്മബന്ധമാണ് കോണ്‍ഗ്രസിന് മുസ്ലിം ലീഗുമായി ഉള്ളത്.ദേശീയ താല്‍പ്പര്യത്തിനൊപ്പം നില്‍ക്കുന്നതാണ് ലീഗിന്റെ രാഷ്ട്രീയമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ജനമഹായാത്രയുടെ ജില്ലയില്‍ രണ്ടാംദിന പര്യടനത്തിന് മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.പി.സി.സി പ്രസിഡന്റ്.

Comments (0)
Add Comment