സി.പി.എമ്മിന്‍റെ ക്രമക്കേടുകള്‍ക്ക്‌ സി.പി.ഐ മംഗളപത്രം എഴുതുന്നു : മുല്ലപ്പള്ളി രാമചന്ദ്രന്‍

ഇടതുമുന്നണിയിലെ തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിച്ചിരുന്ന സി.പി.ഐ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ എല്ലാ ക്രമക്കേടുകള്‍ക്കും മംഗളപത്രം എഴുതുകയാണോയെന്ന്‌ കെ.പി.സി.സി പ്രസിഡന്‍റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. സി.പി.ഐയുടെ സംസ്ഥാന കൗണ്‍സില്‍ രണ്ടു ദിവസം ചേര്‍ന്നിട്ടും സര്‍ക്കാരിന്‍റെ കീഴില്‍ നടക്കുന്ന അഴിമതിയെ കുറിച്ചും കള്ളക്കടത്ത്‌ ഉള്‍പ്പെടെയുള്ള ഗുരുതരക്രമക്കേടുകളെ പറ്റിയും ഒന്നും ചര്‍ച്ച ചെയ്‌തില്ലെന്നത്‌ ഏറെ നിര്‍ഭാഗ്യകരമാണ്‌. ഈ രണ്ടുദിവസും പിണറായിക്കുവേണ്ടി സി.പി.ഐ സ്‌തുതിഗീതം രചിക്കുകയായിരുന്നെന്ന്‌ വേണം മനസിലാക്കാനെന്നും മുല്ലപ്പള്ളി പറഞ്ഞു.

സ്വജനപക്ഷപാതം, ഭൂമികയ്യേറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കര്‍ശന നിലപാട്‌ സ്വീകരിക്കുകയും മുന്നണിയിലെ ആരോപണവിധേയരായ മന്ത്രിമാരുടെ രാജിക്കായി വാശിപിടിക്കുകയും ചെയ്‌ത സി.പി.ഐയുടെ ഇപ്പോഴത്തെ നിലപാട്‌ മാറ്റം ഞെട്ടിക്കുന്നതാണ്‌. കണ്ണടച്ച്‌ ഇരുട്ടാക്കാനാണ്‌ സി.പി.ഐ ശ്രമിക്കുന്നത്‌. കേരളത്തിന്‍റെ ചരിത്രത്തില്‍ ഒരു ഇടതുപക്ഷ സര്‍ക്കാരും ഇതുപോലെ അധഃപതിച്ചിട്ടില്ല. അഴിമതിയില്‍ മുങ്ങിക്കുളിച്ച്‌ നില്‍ക്കുന്ന ഈ സര്‍ക്കാര്‍ ദുര്‍ഗന്ധം പരത്തുകയാണ്‌. എല്ലാ ക്രമക്കേടുകളുടേയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്‌. ഇതൊന്നും സി.പി.ഐ കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌.അക്രമത്തേയും അഴിമതിയേതും പ്രോത്സാഹിപ്പിക്കുന്ന സി.പി.എമ്മിന്‍റെ ബി ടീമായി സി.പി.ഐ മാറരുതായിരുന്നു. ഇത്‌ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ക്ക്‌ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഇതിനെതിരെ പ്രതികരിക്കാന്‍ മുന്നോട്ട്‌ വന്നില്ലെങ്കില്‍ കാലം അവര്‍ക്ക്‌ മാപ്പുനല്‍കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

കേരള കോണ്‍ഗ്രസ്‌ ഇടതുമുന്നണിയിലേക്ക്‌ വന്നു കഴിഞ്ഞാല്‍ സി.പി.ഐയുടെ പ്രാധാന്യം സ്വാഭാവികമായി നഷ്ടമാകും. മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും സ്‌തുതിച്ചില്ലെങ്കില്‍ മുന്നണിയിലുള്ള രണ്ടാം സ്ഥാനം നഷ്ടമാകുമെന്ന്‌ സി.പി.ഐ ഭയപ്പെടുന്നു. സി.പി.ഐയുടെ കയ്യിലുള്ള പല നിയമസഭ സീറ്റുകളും കേരള കോണ്‍ഗ്രസിന്‌ നല്‍കാനുള്ള നീക്കം സി.പി.എം നടത്തുന്നുണ്ട്‌. സി.പി.എമ്മിന്‍റെ വഴിവിട്ട നീക്കങ്ങൾക്ക് സഹായിക്കുന്ന നിലപാട്‌ സ്വീകരിക്കുന്ന സി.പി.ഐ ഇതുവരെ പിന്തുടര്‍ന്നവന്ന നിലപാടുകള്‍ക്ക്‌ കടകവിരുദ്ധമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

Comments (0)
Add Comment