മുല്ലപ്പെരിയാർ: കേരളം ഇടപെടല്‍ നടത്തിയില്ലെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി

Jaihind Webdesk
Wednesday, October 27, 2021

 

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മേൽനോട്ട സമിതിയെ ഉപയോഗിച്ച് ഇടപെടൽ നടത്താൻ കേരളത്തിന് കഴിഞ്ഞില്ലെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി. പുതിയ സാഹചര്യം പ്രയോജനപ്പെടുത്താൻ കേരളം തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയില്‍ താഴെ മതിയെന്ന് മേല്‍നോട്ട സമിതി തീരുമാനത്തിന്‍റെ പശ്ചാത്തലത്തിലാണ് എന്‍കെ പ്രേമചന്ദ്രന്‍ എംപിയുടെ പ്രതികരണം.

വെള്ളം പൊങ്ങി ജനങ്ങൾക്ക് ആശങ്കയുണ്ടായാൽ മാത്രം ഉണർന്നാൽ പോര. കേരളത്തിന്‍റെ പ്രതിനിധി പോലും ഡാം സുരക്ഷിതമാണെന്ന് നിലപാടെടുത്തു. അതാണ് കേരളത്തിന്‍റെ വാദം ദുർബലപ്പെടാൻ കാരണം. മുല്ലപ്പെരിയാറിൽ ഡീൻ കുര്യാക്കോസിനെ തടഞ്ഞ കേരള പൊലീസിനെതിരെ ലോക്സഭാ സ്പീക്കർക്ക് പരാതി നൽകുമെന്നും എംപി പറഞ്ഞു.

മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നാൽ ഇടുക്കി അണക്കെട്ടിന് താങ്ങാനാവില്ലെന്ന് മേല്‍നോട്ട സമിതി വിലയിരുത്തി. സമീപകാല കാലാവസ്ഥാ മാറ്റങ്ങള്‍ പരിഗണിച്ചാണ് തീരുമാനം. നിര്‍ണായക തീരുമാനം സമിതി ഇന്ന് സുപ്രീം കോടതിയെ അറിയിക്കും. സുപ്രീം കോടതിയുടേതാകും അന്തിമ തീരുമാനം.