സർക്കാരിന്‍റെ കള്ളകളികള്‍ വെളിച്ചത്തേക്ക് ; മരംമുറിക്കാന്‍ അനുമതി നല്‍കി, തീരുമാനം സുപ്രീംകോടതിയിലും കേരളം അറിയിച്ചു

Jaihind Webdesk
Friday, November 12, 2021

ഇടുക്കി : മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മരം മുറിക്കുന്നതിനുള്ള അനുമതി നൽകാൻ സർക്കാർ നേരത്തെ തീരുമാനിച്ചതിനുള്ള വിവരങ്ങള്‍ പുറത്തുവരുന്നു.  സെപ്റ്റംബർ 17 ന് ചേർന്ന സെക്രട്ടറിതല യോഗത്തിൽ മരങ്ങള്‍ മുറിക്കാന്‍ തീരുമാനമായിരുന്നതായി കേരളം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഒക്ടോബർ 27 ന് സംസ്ഥാന സർക്കാറിന്‍റെ സ്റ്റാൻഡിംഗ്  കോൺസൽ ജി പ്രകാശ് കോടതിക്ക് കൈമാറിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ബേബി ഡാം ശക്തമാക്കുന്നതിന് ചില മരങ്ങൾ മുറിക്കാനും, നിർമ്മാണ സാധനങ്ങൾ കൊണ്ടുപോകുന്നതിനുമുള്ള അനുമതി നൽകാനും സെപ്റ്റംബർ 17 ന് ചേർന്ന സെക്രട്ടറിതല യോഗത്തിൽ തീരുമാനം ആയിരുന്നതായാണ് കേരളം സുപ്രീം കോടതിയെ അറിയിച്ചത്. മരം മുറിക്കുന്നതിന് അനുമതി നൽകാൻ കൃത്യമായ ഫോർമാറ്റിൽ അപേക്ഷ നൽകാൻ തമിഴ്നാടിനോട് നിർദേശിച്ചിരുന്നു. എന്നാൽ തമിഴ്നാട് ഇതുവരെയും കൃത്യമായ ഫോർമാറ്റിൽ അപേക്ഷ നൽകിയിട്ടില്ല എന്നും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

മരം മുറിയുമായി ബന്ധപ്പെട്ട് അനുമതി നൽകിയിട്ടില്ലെന്ന വാദത്തിൽ സംസ്ഥാന സർക്കാരും മന്ത്രിമാരും ഉറച്ചു നിൽക്കുമ്പോഴാണ് ഇപ്പോൾ സംസ്ഥാന സർക്കാറിന്‍റെ സ്റ്റാൻഡിംഗ് കോൺസൽ ജി പ്രകാശ് സുപ്രീം കോടതിയിൽ സമർപ്പിച്ചതിന്‍റെ രേഖകൾ പുറത്തു വന്നിരിക്കുന്നത്.

മരം മുറിക്കാന്‍ ഒരു യോഗത്തിലും തീരുമാനിച്ചിട്ടില്ലെന്നായിരുന്നു ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞത്. സെപ്റ്റംബര്‍ 17ന് കേരളവും തമിഴ്‌നാടും തമ്മില്‍ ചേര്‍ന്ന യോഗത്തില്‍ മരം മുറിക്കാന്‍ തീരുമാനിച്ചിട്ടില്ല. വിഷയം പരിഗണനയിലാണെന്നാണ് പറഞ്ഞത്. നവംബര്‍ ഒന്നിന് യോഗം ചേര്‍ന്നിട്ടില്ലെന്നും മന്ത്രി ആവര്‍ത്തിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ പുറത്തു വന്ന രേഖകളിൽ സെപ്റ്റംബർ 17ന് ചേർന്ന യോഗത്തിൽ തന്നെ തമിഴ്നാടിന് മരം മുറിക്കാനുള്ള അനുമതി നൽകിയിരുന്നു എന്നാണ് വ്യക്തമാക്കുന്നത്.

മരംമുറി ഉത്തരവിറങ്ങിയത് കേരളവും തമിഴ്നാടും ചേര്‍ന്ന് നടത്തിയ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണെന്ന് തെളിയിക്കുന്ന നിര്‍ണായക രേഖകള്‍ മാതൃഭൂമി ന്യൂസ് നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. തമിഴിനാടിന് ടി.കെ.ജോസ് നല്‍കിയ മിനിട്സിലായിരുന്നു മരംമുറിക്ക് അനുമതി നല്‍കുന്നത് പരിഗണനയിലാണെന്ന് ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നത്. തമിഴ്നാടും കേരളവുമായി നടത്തിയ ചര്‍ച്ചയുടെ മിനിട്സ് മാതൃഭൂമി ന്യൂസ് പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് ഇപ്പൾ സുപ്രീം കോടതിയിൽ സമർപ്പിച്ച രേഖകളിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.