ജലീലിന്‍റെ രാജി അര്‍ധമനസ്സോടെ : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Tuesday, April 13, 2021

ബന്ധുനിയമനത്തില്‍ കുറ്റക്കാരനാണെന്ന് ലോകായുക്ത കണ്ടെത്തിയ മന്ത്രി കെ.ടി. ജലീലിന്‍റെ രാജി ധാര്‍മികതയുടെ അടിസ്ഥാനത്തിലല്ലെന്നും ഗത്യന്തരമില്ലാതെയാണെന്നും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

രാജി ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ച ശേഷം അര്‍ധമനസ്സോടെയാണ് ജലീല്‍ ഇപ്പോള്‍ രാജിവെച്ചത്. മന്ത്രി ജലീലിന് മാന്യതയുണ്ടായിരുന്നെങ്കില്‍ ലോകായുക്ത വിധി വന്ന ദിവസം രാജിവെയ്ക്കണമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ജലീലിനെ സംരക്ഷിക്കാനാണ് സിപിഎമ്മും നിയമമന്ത്രിയും ശ്രമിച്ചത്. കേരളീയ പൊതുസമൂഹം മന്ത്രി ജലീലിനെ കുറ്റക്കാരനായിട്ടാണ് കണ്ടത്.
കെ.ടി. ജലീലിന്റെ രാജിയില്‍ അവസാനിച്ച ബന്ധുനിയമനത്തില്‍ ഒപ്പിട്ട മുഖ്യമന്ത്രിക്കും ധാര്‍മികയുണ്ട്. ഒരു മുഖ്യമന്ത്രിക്ക് ഇത്ര അധപതിക്കാന്‍ സാധിക്കുമോ?. ഭരണം അവസാനിപ്പിക്കാന്‍ നാളുകള്‍ എണ്ണപ്പെട്ട മുഖ്യമന്ത്രിയുടെ ഈ വിഷയത്തിലെ ധാര്‍മിക നിലപാട് അറിയാന്‍ കേരളീയ പൊതുസമൂഹത്തിന് താല്‍പ്പര്യമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.