മുംബൈ: ദീപാവലി പ്രമാണിച്ചുള്ള പ്രത്യേക മുഹൂര്‍ത്ത വ്യാപാരത്തില്‍ ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. കഴിഞ്ഞ എട്ട് വര്‍ഷമായി തുടരുന്ന ഉത്സവകാല മുന്നേറ്റം ഇത്തവണയും നിലനിര്‍ത്താന്‍ വിപണിക്കായി. സെന്‍സെക്‌സും നിഫ്റ്റി 50-യും നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സിപ്ല, ബജാജ് ഫിനാന്‍സ് എന്നിവയുടെ ഓഹരികളാണ് മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത്. എന്നാല്‍, വ്യാപാരത്തിനിടെയുണ്ടായ ലാഭമെടുപ്പ് ആദ്യഘട്ടത്തിലെ മുന്നേറ്റത്തിന് നേരിയ തോതില്‍ കുറവ് വരുത്തി.
സാങ്കേതികമായി നോക്കുമ്പോള്‍, നിഫ്റ്റി 50, 25,800-ന് മുകളില്‍ നിലനില്‍ക്കുന്നിടത്തോളം കാലം ബുള്ളിഷ് പാതയിലാണ്. 26,000- 26,300 നിലവാരങ്ങള്‍ ഭേദിച്ച് മുന്നോട്ട് പോവുകയാണെങ്കില്‍ പുതിയ എക്കാലത്തെയും ഉയര്‍ന്ന നിലവാരങ്ങളിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്നും വിലിയിരുത്തപ്പെടുന്നു. ഒക്ടോബര്‍ 28-ലെ എക്‌സ്പയറി ഡാറ്റ പ്രകാരം നേരിയ തോതില്‍ പോസിറ്റീവ് പ്രവണതയാണ് വിപണിയില്‍.
ബാങ്ക് നിഫ്റ്റി നേരിയ ഇടിവോടെ 58,007-ല്‍ വ്യാപാരം അവസാനിപ്പിച്ചു. ശക്തമായ മുന്നേറ്റത്തിന് ശേഷം സൂചിക ഒരു ഇടവേള എടുക്കുന്നതിന്റെ സൂചനയാണിത്. 57,900-നും 58,200-നും ഇടയിലാണ് ബാങ്ക് നിഫ്റ്റിക്ക് പ്രതിരോധമുള്ളത്. 57,400- 57,600 ലെവലുകളില്‍ പിന്തുണയും പ്രതീക്ഷിക്കുന്നു. 58,250-ന് മുകളില്‍ ശക്തമായ ക്ലോസിംഗ് ലഭിച്ചാല്‍ 59,200 ലക്ഷ്യമാക്കി മുന്നോട്ട് പോകാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.