‘ആയോധനകലകള്‍ പരിശീലിപ്പിച്ചു’; നേതാക്കളെ വധിക്കാനുള്ള സ്ക്വാഡിലെ അംഗമാണ് മുബാറക്കെന്ന് എന്‍ഐഎ

 

കൊച്ചി: അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനും അഭിഭാഷകനുമായ മുഹമ്മദ് മുബാറക് നേതാക്കളെ വധിക്കാനുള്ള സ്ക്വാഡ് അംഗമാണെന്ന് എന്‍ഐഎ.  മുബാറക്കിന്‍റെ വീട്ടില്‍നിന്ന് മഴു, വാള്‍ തുടങ്ങിയ ആയുധങ്ങള്‍ കണ്ടെത്തിയെന്നും ആയുധങ്ങള്‍ ഒളിപ്പിച്ചിരുന്നത് ബാഡ്‍മിന്‍റൻ റാക്കറ്റിനുള്ളിലായിരുന്നെന്നും എന്‍ഐഎ പറയുന്നു. കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി എൻഐഎ നടത്തിയ റെയ്ഡിന്‍റെ തുടർച്ചയായാണ് എടവനക്കാട് സ്വദേശി മുബാറക്കിനെ അറസ്റ്റ് ചെയ്തത്.

ഇന്നലെ എന്‍ഐഎ നടത്തിയ റെയ്ഡിലാണ് എറണാകുളം വൈപ്പിൻ എടവനക്കാട് സ്വദേശിയായ മുഹമ്മദ് മുബാറക്കിനെ കസ്റ്റഡിയിലെടുത്തത്. 20 മണിക്കൂറിലേറെ ഇയാളെ ചോദ്യം ചെയ്തു. തുടർന്ന് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മുബാറക്കിന്‍റെ മാതാപിതാക്കൾ, ഭാര്യ, കുട്ടി എന്നിവരാണ് റെയ്ഡിന്‍റെ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്.

ആയോധനകല പരിശീലിച്ച മുബാറക്, സ്ക്വാഡിലെ അംഗങ്ങളെ അതു പരിശീലിപ്പിച്ചതായി എന്‍ഐഎ പറയുന്നു. നാട്ടിൽ കരാട്ടെ, കുങ്ഫു പരിശീലനം നൽകുന്നുണ്ടായിരുന്നു. വിവിധ സംസ്ഥാനങ്ങളിലായി നേതാക്കളെയടക്കം വധിക്കുന്നതിന് പോപ്പുലർ ഫ്രണ്ട് നീക്കങ്ങൾ നടത്തി വരികയായിരുന്നെന്നും എൻഐഎ ആരോപിക്കുന്നു. ഇയാളുടെ വീട്ടിൽ നിന്നും ആയുധങ്ങൾ ലഭിച്ചതായും ഇത് ബാഡ്മിന്‍റണ്‍ റാക്കറ്റിനുള്ളിലാണ് സൂക്ഷിച്ചിരുന്നതെന്നും എന്‍ഐഎ പറയുന്നു.  പിടിയിലായ മുബാറക്ക് നിയമവിദ്യാർത്ഥിയും കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തുവരുന്നയാളുമാണ്.

Comments (0)
Add Comment