പറഞ്ഞത് യാഥാർത്ഥ്യങ്ങളെന്ന് എംടി: രാഷ്ട്രീയ വിമർശനത്തില്‍ ഉലഞ്ഞ് സിപിഎം; പ്രതിരോധ നീക്കങ്ങളും പാളുന്നു

Friday, January 12, 2024

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എം.ടി. വാസുദേവന്‍ നായര്‍ നടത്തിയ രൂക്ഷമായ രാഷ്ട്രീയ വിമർശനത്തിൽ പ്രതിരോധത്തിലായി എല്‍ഡിഎഫ് ക്യാമ്പ്. എംടിയുടെ വിമർശനം വലിയ ചർച്ചയായതോടെ മുഖം രക്ഷിക്കല്‍ ന്യായീകരണങ്ങളുമായി സിപിഎം രംഗത്തെത്തി. എംടിയുടെ വിമർശനം സർക്കാരിനെയോ മുഖ്യമന്ത്രിയെയോ ഉദ്ദേശിച്ചല്ലെന്നും വിവാദത്തില്‍ അടിസ്ഥാനമില്ലെന്നുമായിരുന്നു പാർട്ടി മുഖപത്രത്തിന്‍റെ ന്യായീകരണം. എന്നാല്‍ തന്‍റെ വാക്കുകളിലൂടെ താന്‍ ചൂണ്ടിക്കാട്ടിയത് ഇന്നത്തെ രാഷ്ട്രീയ യാഥാർത്ഥ്യങ്ങളാണെന്നായിരുന്നു ഇതിനെക്കുറിച്ച് എംടി പിന്നീട് വിശദീകരിച്ചത്. അത് ആർക്കെങ്കിലും ആത്മവിമർശനത്തിന് വഴിയൊരുക്കിയാല്‍ അത്രയും നല്ലതെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാരന്‍ എന്‍.ഇ. സുധീറിനോടാണ് എംടി ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് സുധീർ ഫേസ്ബുക്കില്‍ കുറിപ്പും പങ്കുവെച്ചു. ‘എംടി  എന്നോട് പറഞ്ഞത് ഇതാണ്. “ഞാൻ  വിമർശിക്കുകയായിരുന്നില്ല. ചില യാഥാർത്ഥ്യം പറയണമെന്നു തോന്നി. പറഞ്ഞു. അത്ര തന്നെ. അത് ആർക്കെങ്കിലും ആത്മവിമർശനത്തിന് വഴിയൊരുക്കിയാൽ അത്രയും നല്ലത്.” കാലം അങ്ങയോട് കടപ്പെട്ടിരിക്കുന്നു എന്നും ഇത് മറ്റാരു പറഞ്ഞാലും കേരളം ഇത്രയും ഗൗരവത്തോടെ ഏറ്റെടുക്കുമായിരുന്നില്ലെന്നും പറഞ്ഞാണ് സുധീർ എഫ്ബി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

 

എന്‍.ഇ. സുധീറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

ഇന്നലെ വീട്ടിൽ ചെന്നു കണ്ടപ്പോൾ നാളെ കെഎൽഎഫ് ഉദ്ഘാടന വേദിയിൽ ചിലതു പറയുമെന്നും എല്ലാം വിശദമായി എഴുതി തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും എംടി പറഞ്ഞിരുന്നു. അതിത്രയും കനപ്പെട്ട ഒരു രാഷ്ട്രീയ വിമർശനമാവുമെന്ന് ഞാനും കരുതിയിരുന്നില്ല. ഇന്ന് വൈകിട്ടു കണ്ടപ്പോൾ ഞങ്ങൾ അതെപ്പറ്റി സംസാരിച്ചു.

എംടി  എന്നോട് പറഞ്ഞത് ഇതാണ്. “ഞാൻ  വിമർശിക്കുകയായിരുന്നില്ല. ചില യാഥാർത്ഥ്യം പറയണമെന്നു തോന്നി. പറഞ്ഞു. അത്ര തന്നെ. അത് ആർക്കെങ്കിലും ആത്മവിമർശനത്തിന് വഴിയൊരുക്കിയാൽ അത്രയും നല്ലത്.” തന്റെ കാലത്തെ രാഷ്ട്രീയ യാഥാർത്ഥ്യത്തെ കൃത്യമായി അടയാളപ്പെടുത്തുകയായിരുന്നു എംടി. കാലം അങ്ങയോട് കടപ്പെട്ടിരിക്കുന്നു. ഇത് മറ്റാരു പറഞ്ഞാലും കേരളം ഇത്രയും ഗൗരവത്തോടെ ഏറ്റെടുക്കുമായിരുന്നില്ല.

 

ഇന്നലെ കോഴിക്കോട് കേരള സാഹിത്യോത്സവത്തിലെ ഉദ്ഘാടന വേദിയിലായിരുന്നു പിണറായി വിജയന്‍ ഇരിക്കെ എം.ടി. വാസുദേവന്‍ നായര്‍ രൂക്ഷമായ രാഷ്ട്രീയ വിമര്‍ശനം നടത്തിയത്. അധികാരമെന്നാല്‍ ആധിപത്യമോ സര്‍വ്വാധിപത്യമോ ആകാമെന്നും രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള അംഗീകൃതമാര്‍ഗമായി മാറിയെന്നും എംടി തുറന്നടിച്ചു. ആള്‍ക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കുകയോ ആരാധകരാക്കുകയോ ചെയ്യാം. തെറ്റു പറ്റിയാല്‍ അത് സമ്മതിക്കുന്ന പതിവ് ഒരു മഹാരഥനും ഇവിടെയില്ലെന്നും എംടി പറഞ്ഞു.