കൊല്‍ക്കത്ത: വിഖ്യാത ചലച്ചിത്രകാരന്‍ മൃണാള്‍ സെന്‍ (95) അന്തരിച്ചു. കൊല്‍ക്കത്തയിലെ വസതിയില്‍ വെച്ചായിരുന്നു സെന്നിന്റെ അന്ത്യം. സത്യജിത് റായുടെയും ഋത്വിക് ഘട്ടക്കിന്റെയും സമകാലികനാണ്. ഒട്ടേറെ രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
1923 മേയ് 14ന് കിഴക്കന്‍ ബംഗാളിലെ ഫരീദ്പുരിലായിരുന്നു ജനനം. കൊല്‍ക്കത്ത സര്‍വകലാശാലയില്‍നിന്ന് ഊര്‍ജ്ജതന്ത്രത്തില്‍ ബിരുദം നേടിയിട്ടുണ്ട്. പത്രപ്രവര്‍ത്തകനായും മെഡിക്കല്‍ റെപ്രസന്റേറ്റീവായും കല്‍ക്കട്ട ഫിലിം സ്റ്റുഡിയോയില്‍ ഓഡിയോ ടെക്‌നീഷ്യനായും ജോലി ചെയ്തിരുന്നു. ഇന്ത്യന്‍ പീപ്പിള്‍സ് തിയറ്റര്‍ അസോസിയേഷനുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു.
1955ല്‍ ആദ്യ ഫീച്ചര്‍ സിനിമ രാത്ത് ബോറെ സംവിധാനം ചെയ്തു. നീല്‍ ആകാഷെര്‍ നീചെ എന്ന രണ്ടാമത്തെ ചിത്രം പ്രാദേശികമായ അംഗീകാരവും മൂന്നാമത്തെ ചിത്രമായ ബൈഷേയ് ശ്രാവണ രാജ്യാന്തര ശ്രദ്ധയും നേടി. ബുവന്‍ഷോം ദേശീയ രാജ്യന്തര രംഗത്ത് നിരവധി രംഗത്ത് നിരവധി അവാര്‍ഡുകള്‍ നേടുകയും ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ നാഴികകല്ലായി മാറുകയും ചെയ്തു.
തന്റെ നീണ്ട സിനിമാ ജീവിതത്തില്‍ 27 ഫീച്ചര്‍ ചിത്രങ്ങള്‍, 14 ലഘുചിത്രങ്ങള്‍, 5 ഡോക്യുമെന്ററികള്‍ തുടങ്ങിയവ സംവിധാനം ചെയ്തു. മികച്ച സംവിധാനത്തിനും തിരക്കഥയ്ക്കും ദേശീയ അവാര്‍ഡുകളും കാന്‍, വെനീസ്, ബര്‍ലിന്‍, മോസ്‌കോ, കയ്‌റോ, ഷിക്കാഗോ, മോണ്‍ട്രിയല്‍ തുടങ്ങിയ രാജ്യാന്തര ചലച്ചിത്രമേളകളില്‍ പുരസ്‌കാരങ്ങളും ലഭിച്ചു. നിരവധി വിദേശ ചലച്ചിത്രമേളകളില്‍ ജൂറിയായി പ്രവര്‍ത്തിച്ചു.
1981ല്‍ രാജ്യം പത്മഭൂഷനും 2005ല്‍ ദാദാസാഹിബ് ഫാല്‍കെ പുരസ്‌കാരവും നല്‍കി ആദരിച്ചു. 1998 മുതല്‍ 2003 വരെ പാര്‍ലമെന്റില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗമായിരുന്നു. ഫ്രാന്‍സ് കമാന്ത്യൂര്‍ ദ് ലോദ്ര് ദ ആര്‍ എ ലാത്ര് പുരസ്‌കാരവും റഷ്യ ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ് പുരസ്‌കാരവും നല്‍കി ആദരിച്ചിട്ടുണ്ട്. വിവിധ സര്‍വകലാശാലകള്‍ ഓണററി ഡോക്ടറേറ്റ് ബിരുദവും നല്‍കിയിട്ടുണ്ട്.