രാജ്യത്തെ സൈനിക ദൗത്യങ്ങള്‍ സ്വകാര്യ നേട്ടത്തിനായി ഉപയോഗിക്കുന്ന നരേന്ദ്ര മോദിക്ക് ലജ്ജയില്ലെന്ന് രാഹുല്‍ഗാന്ധി. 2016ലെ സര്‍ജിക്കല്‍ സ്ട്രൈക്കിനെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്നും അതിന്റെ പേരില്‍ വീരവാദം നടത്തരുതെന്നുമുള്ള മുന്‍ സൈനിക ഉദ്യോഗസ്ഥന്റെ പരാമര്‍ശത്തിനു പിന്നാലെയാണ് രാഹുലിന്റെ പരിഹാസം.
‘ഒരു യഥാര്‍ത്ഥ സൈനികനെപ്പോലെ നിങ്ങള്‍ യാഥാര്‍ത്ഥ്യം പറഞ്ഞിരിക്കുന്നു. രാജ്യം നിങ്ങളില്‍ അഭിമാനിക്കുന്നു. നമ്മുടെ സൈന്യത്തെ സ്വകാര്യസ്വത്തുപോലെ ഉപയോഗിക്കുന്നതില്‍ മിസ്റ്റര്‍ 36ന് ഒരു ലജ്ജയുമില്ല. അദ്ദേഹം രാഷ്ട്രീയ ലാഭത്തനായി സര്‍ജിക്കല്‍ സ്ട്രൈക്കിനേയും മുകേഷ് അംബാനിയുടെ മൂലധനം 30,000 കോടിയായി വര്‍ധിപ്പിക്കാന്‍ റാഫേല്‍ കരാറിനെയും ഉപയോഗിക്കുകയാണ്.’ ഇതായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
മോദിയുടെ 56 ഇഞ്ച് നെഞ്ചളവ് എന്ന വീരവാദത്തെ പരിഹസിച്ചാണ് രാഹുല്‍ മിസ്റ്റര്‍ 36 എന്നു ഉപയോഗിച്ചിരിക്കുന്നത്. 36 റാഫേല്‍ ജെറ്റ് എന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉദ്ദേശിച്ചിരിക്കുന്നതെന്ന് കരുതുന്നു.
സര്‍ജിക്കല്‍ ട്രൈക്കിന്റെ പേരില്‍ സ്ഥിരമായി വീരവാദം പറയേണ്ടതിന്റെ ആവശ്യമില്ലെന്ന് സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഓപ്പറേഷനില്‍ പങ്കാളിയായ മുന്‍ സൈനിക ഓഫീസറായ ലെഫ്റ്റനന്റ് ജനറല്‍ ഡി.എസ് ഹൂഡയാണ് പറഞ്ഞത്.
‘അതിന്റെ പേരില്‍ ഒരുപാട് വീരവാദം പറയേണ്ട ആവശ്യമുണ്ടെന്ന് എനിക്കു തോന്നുന്നില്ല. ആ സൈനിക ഓപ്പറേഷന്‍ വളരെ പ്രധാനപ്പെട്ടതായിരുന്നു. നമ്മള്‍ അതു ചെയ്യേണ്ടതുമായിരുന്നു. എന്നാല്‍ ഇന്ന് അത് എത്രത്തോളം രാഷ്ട്രീയവത്കരിച്ചിരിക്കുന്നു, ഇത് ശരിയാണോ തെറ്റാണോയെന്ന് രാഷ്ട്രീയക്കാരോട് തന്നെയാണ് ചോദിക്കേണ്ടത്.’ എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. 2016 സെപ്റ്റംബര്‍ 29ന് സര്‍ജിക്കല്‍ സെട്രൈക്ക് നടന്നുവെന്നവകാശപ്പെടുന്ന സമയത്ത് നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡറായിരുന്നു ഹൂഡ.
സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ വിജയത്തില്‍ തുടക്കത്തിലെ പുകഴ്ത്തലുകളും കൊട്ടിഘോഷിക്കലുകളും മനസിലാക്കാം. എന്നാല്‍ ഇത് പിന്നെയും പറഞ്ഞുകൊണ്ടിരിക്കുന്ന അനാവശ്യമാണെന്നും ഹൂഡ പറഞ്ഞിരുന്നു.