സ്വപ്നാ സുരേഷിനെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസും അട്ടിമറിക്കാന്‍ നീക്കം ; അന്വേഷണം എഫ്.ഐ.ആറില്‍ ഒതുക്കി പൊലീസ് ; നീക്കം ശിവശങ്കറിനെ സംരക്ഷിക്കാനെന്ന് ആക്ഷേപം

Jaihind News Bureau
Friday, July 24, 2020

 

തിരുവനന്തപുരം : സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന്‍റെ വ്യാജ സർട്ടിഫിക്കറ്റ് കേസിലെ അന്വേഷണവും അട്ടിമറിക്കാന്‍ നീക്കം. കേസ് റജിസ്റ്റര്‍ ചെയ്ത് 10 ദിവസം കഴിഞ്ഞിട്ടും എഫ്.ഐ.ആർ ഇട്ടതിനപ്പുറം ഒരു നടപടിയും സ്വീകരിക്കാതെയാണ് പൊലീസിന്‍റെ ഒത്തുകളി. എന്നാല്‍ കൊവിഡ് തിരക്കെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ വിശദീകരണം. ഐ.ടി വകുപ്പിന് കീഴിലെ ജോലിക്ക് സ്വപ്നയെ ശുപാർശ ചെയ്ത ശിവശങ്കറിനെ സംരക്ഷിക്കാനുള്ള നീക്കമാണ് പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നാണ് ഉയരുന്ന ആക്ഷേപം.

സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് നേരിട്ട് കേസെടുക്കാനുള്ള വകുപ്പുകള്‍ ഉണ്ടായിട്ടും കേരളാ പൊലീസ് അതിന് തയാറായിരുന്നില്ല. സ്വപ്നാ സുരേഷിനെതിരെ കേരള പൊലീസ് നേരിട്ട് അന്വേഷിക്കുന്ന ഏക കേസാണ് ഇപ്പോള്‍ എഫ്.ഐ.ആറില്‍ മാത്രമായി ഒതുക്കിയിരിക്കുന്നത്. മതിയായ യോഗ്യത ഇല്ലാത്ത സ്വപ്നാ സുരേഷ് വ്യാജ സര്‍ട്ടിഫിക്കറ്റ് കാണിച്ചാണ് ഐ.ടി വകുപ്പിന് കീഴിലെ ജോലി സ്വന്തമാക്കിയത്. ഇതിന് ശുപാർശ ചെയ്തത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറായിരുന്നു. ഇതില്‍ അന്വേഷണം മുന്നോട്ടുപോയാല്‍ സ്വാഭാവികമായും അത് ശിവശങ്കറിലേക്ക് എത്തിച്ചേരും എന്നതിനാലാണ് പൊലീസ് കേസില്‍ നടപടി സ്വീകരിക്കാതെ കണ്ണടയ്ക്കുന്നത്.

എയര്‍ ഇന്ത്യ സാറ്റ്‌സിലും ഐ.ടി വകുപ്പിലുമടക്കം ജോലി നേടാന്‍ സ്വപ്‌ന സമര്‍പ്പിച്ചത് വ്യാജ സര്‍ട്ടിഫിക്കറ്റുകളാണെന്ന് ഡോ. ബാബാ സാഹെബ് അംബേദ്കർ ടെക്നോളജിക്കല്‍ സർവകലാശാല തന്നെ വ്യക്തമാക്കി. സ്വപ്‌ന ഈ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി ആയിരുന്നില്ലെന്നും സര്‍വകലാശാലയിലോ അതിന് കീഴിലുള്ള കോളേജുകളിലോ ബി കോം കോഴ്‌സ് തന്നെ ഇല്ലെന്നും കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍ വ്യക്തമാക്കി.

സ്വപ്ന സമർപ്പിച്ച സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് സര്‍വകലാശാല തന്നെ വ്യക്തമാക്കിയതോടെ ഐ.ടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എം.ഡി പരാതി നല്‍കുകയായിരുന്നു. ഇതില്‍ ജൂലൈ 13 ന് കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തു. തുടർന്ന് കന്‍റോണ്‍മെന്‍റ് എ.സി.പി സുനീഷ് ബാബുവിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചുവെങ്കിലും എഫ്.ഐ.ആറിനപ്പുറം ഒരു നടപടിയും സ്വീകരിച്ചില്ല. കൊവിഡ് തിരക്ക്, എന്‍.ഐ.എ കസ്റ്റഡി തുടങ്ങിയ കാരണങ്ങളാണ് പൊലീസ് പറയുന്നത്. രാജ്യദ്രോഹക്കേസിലെ ഒരു പ്രതിക്കെതിരായ അന്വേഷണത്തിലാണ് പൊലീസ് ഇത്തരത്തില്‍ നിരുത്തരവാദപരമായ സമീപനം  സ്വീകരിക്കുന്നത്. ഇത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സംരക്ഷിക്കാനുള്ള നീക്കമാണെന്നാണ് ഉയരുന്ന ആക്ഷേപം.

 

 

teevandi enkile ennodu para