മകള്‍ അമ്മയെ മർദ്ദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

പത്തനാപുരം: അമ്മയെ മകൾ മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. 15 ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷൻ നിർദ്ദേശം നൽകി. കമ്മീഷനംഗം വി.കെ ബീനാകുമാരിയാണ് നിർദേശം നല്‍കിയത്. മാധ്യമ വാർത്തകളെ തുടർന്നാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്.

പത്തനാപുരം സ്വദേശി ലീലാമ്മയെയാണ് മകള്‍ ലീന മര്‍ദ്ദിച്ചത്. പ്രശ്നത്തില്‍ ഇടപെട്ട വനിത പഞ്ചായത്ത് അംഗത്തിനും മര്‍ദ്ദനമേറ്റിരുന്നു. ഞായറാഴ്ചയാണ് സംഭവമുണ്ടായത്. വീടിന്‍റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് അമ്മയും മകളും തമ്മിൽ ചില തർക്കങ്ങൾ ഉണ്ടായിരുന്നു. ഇതാണ് കയ്യേറ്റത്തിലെത്തിയതെന്നാണ് വിവരം.

ലീലാമ്മയുടെ നിലവിളി കേട്ടെത്തിയ അയല്‍വാസികള്‍ക്കെതിരെയും ലീന കയ്യേറ്റത്തിന് മുതിര്‍ന്നു. വലിയ തടിക്കഷണവുമായി നാട്ടുകാര്‍ക്കെതിരെയും ഇവർ ഭീഷണി മുഴക്കി. പിന്നീട് പ്രശ്നത്തിൽ ഇടപെട്ട ഗ്രാമപഞ്ചായത്ത് അംഗം ആർഷയ്ക്കും മർദ്ദനമേറ്റു.  സംഭവത്തിൽ പത്തനാപുരം പൊലീസ് കേസെടുത്തു. സംഭവം പുറംലോകം അറിഞ്ഞതോടെ  ലീന ആശുപത്രിയിൽ പ്രവേശിച്ചു. മര്‍ദ്ദനമേറ്റ അമ്മ ലീലാമ്മയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Comments (0)
Add Comment