ന്യൂഡൽഹി: പ്രതി അമീറുൽ ഇസ്‌ലാമിന് വധശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യവുമായി കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനിയുടെ അമ്മ. വധശിക്ഷയിൽ ഇളവ് നൽകുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ പെൺകുട്ടിയുടെ അമ്മ മകൾ അനുഭവിച്ച വേദന പ്രതിയും അറിയണമെന്നും ആവശ്യപ്പെട്ടു. വധശിക്ഷ നടപ്പിലാക്കിയാലേ മകൾക്ക് നീതി ലഭിക്കൂ. ആ ദിവസത്തിന് വേണ്ടിയാണ് കാത്തിരിക്കുന്നതെന്നും പെണ്‍കുട്ടിയുടെ അമ്മ പ്രതികരിച്ചു.
പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിനിയുടെ കൊലപാതകത്തിൽ പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. പ്രതിയുടെ മനഃശാസ്ത്ര – ജയിൽ റിപ്പോർട്ട് ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു. ശിക്ഷ ലഘൂകരിക്കാൻ കാരണങ്ങളുണ്ടെങ്കിൽ അതു പഠിച്ച് റിപ്പോർട്ട് സമർപ്പിക്കണം. മനഃശാസ്ത്ര പരിശോധനയ്ക്ക് തൃശൂർ മെഡിക്കൽ കോളേജ് പ്രത്യേക സംഘത്തെ നിയോഗിക്കണം. ജസ്റ്റിസ് ബി.ആർ. ഗവായി അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് വിധി.
കുറ്റകൃത്യം അപൂർവങ്ങളിൽ അത്യപൂർവമാണെന്ന് വിലയിരുത്തി വധശിക്ഷ ശരിവെച്ച ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് പ്രതി സുപ്രീം കോടതിയെ സമീപിച്ചത്. 2016 ഏപ്രിൽ 28-നാണ് പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനി കൊല്ലപ്പെട്ടത്. ഡിഎൻഎ സാമ്പിളുകൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ പരിശോധിച്ച ശേഷമായിരുന്നു വധശിക്ഷ ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ്. പ്രതിയുടെ ഉദ്ദേശ്യലക്ഷ്യം എന്തായിരുന്നുവെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് പ്രതിയുടെ അഭിഭാഷകൻ വാദിച്ചു.