ഏറ്റുമാനൂരില്‍ അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം: പ്രതി നോബിക്ക് ജാമ്യം

Jaihind News Bureau
Wednesday, April 2, 2025

ഏറ്റുമാനൂരില്‍ അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതിയായ ഭര്‍ത്താവ് നോബി ലൂക്കോസിന് കോടതി ജാമ്യം അനുവദിച്ചു. 28 ദിവസങ്ങള്‍ക്കു ശേഷമാണ് പ്രതിക്ക് ജാമ്യം അനുവദിക്കുന്നത്. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

ഷൈനിയും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി കഴിഞ്ഞ 28 ദിവസങ്ങളായി നോബി ലൂക്കോസ് കോട്ടയം ജില്ലാ ജയിലില്‍ കഴിയുകയായിരുന്നു. അവിടെ നിന്നാണ് നോബിക്ക് ആശ്വാസമായി ഇപ്പോള്‍ കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഏതെല്ലാം ഉപാധ്യങ്ങളോടെയാണ് ജാമ്യം അനുവദിച്ചത് എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ട്.

പ്രതിക്ക് ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. തെറ്റായ സന്ദേശമാണ് ജാമ്യത്തിലൂടെ പൊതു സമൂഹത്തിന് നല്‍കുന്നതെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

നിരന്തരമുള്ള നോബിയുടെ പീഡനം സഹിക്കാതെയാണ് ഷൈനിയും മക്കളും ആത്മഹത്യ ചെയ്തത്. എന്നാല്‍ അതിനെ സാധൂകരിക്കുന്ന തെളിവുകള്‍ ഇല്ലെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. ഫെബ്രുവരി 28 നാണ് ഷൈനിയും മക്കളും പള്ളിയില്‍ പോകാനെന്നും പറഞ്ഞ് ഇറങ്ങി ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. കുടുംബപരമായ പ്രശ്‌നങ്ങളാണ് മൂവരെയും ആത്മഹത്യയിലേക്ക് നയിച്ചത്.