അഴിമതിയിൽ പറന്ന് റാഫേൽ: കേന്ദ്ര സർക്കാരിനെതിരെ കൂടുതൽ രേഖകൾ പുറത്ത്

റഫാൽ യുദ്ധവിമാന കരാറിൽ കേന്ദ്ര സർക്കാരിന്‍റെ അഴിമതി തെളിയിക്കുന്ന കൂടുതൽ രേഖകൾ പുറത്ത്. യുദ്ധവിമാന നിർമാണത്തിൽ ഇന്ത്യയിലെ നിർമാണ പങ്കാളിയായി അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനെ നിയോഗിക്കണമെന്ന് കേന്ദ്ര സർക്കാരിന്‍റെ നിർബന്ധിത വ്യവസ്ഥ ഉണ്ടായിരുന്നതായി തെളിയിക്കുന്ന രേഖകളാണ് പുറത്തായത്.

പോര്‍ട്ടെയ്ല്‍ ഏവിയേഷന്‍ വെബ്സൈറ്റ് പ്രസിദ്ധീകരിച്ച കുറിപ്പ്

റഫാൽ വിമാന നിർമാണക്കമ്പനിയായ ദാസോ ഏവിയേഷനിലെ ട്രേഡ് യൂണിയൻ ‘സി.ജി.ടി’ (കോൺഫെഡറേഷൻ ജെനറൽസ് ഡ്യൂ ട്രവവൈൽ) യാണ് ചർച്ചയുടെ വിശദാംശങ്ങൾ അടങ്ങുന്ന പുതിയ രേഖ പുറത്തുവിട്ടത്. രേഖ മുൻ വ്യോമസേന ഉദ്യോഗസ്ഥനും പ്രതിരോധ എഴുത്തുകാരനുമായ വൈവ്‌സ് പഗോട്ടിന്‍റെ പോർട്ടെയ്ൽ ഏവിയേഷൻ എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യാ ഗവൺമെന്‍റിന്‍റെ മെയ്ക്ക് ഇൻ ഇന്ത്യയെ ‘അടിച്ചേൽപ്പിക്കുന്ന’ കരാറിന്‍റെ ‘അനിവാര്യമായ പരിണാമ’ത്തെക്കുറിച്ചുള്ള രണ്ടാമത്തെ രേഖയാണ്. അതുകൊണ്ടുതന്നെഈ ലക്ഷ്യം കൈവരിക്കാൻ റിലയൻസിനുള്ള സംയുക്ത സംരംഭം സൃഷ്ടിക്കപ്പെട്ടുവെന്നുമാണ് സൈറ്റിൽ വ്യക്തമാക്കിയിട്ടുള്ളത്.

Epopée du Rafale en Inde : les documents

റഫാൽ കരാറിൽ റിലയൻസ് ഡിഫൻസിനെ പങ്കാളിയാക്കണമെന്ന് ‘നിർബന്ധിതവും അടിയന്തരവുമായ’ വ്യവസ്ഥയുണ്ടായിരുന്നതായി കഴിഞ്ഞ ആഴ്ച ഫ്രഞ്ച് മാധ്യമം ‘മീഡിയപാർട്ട്’ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച ദാസോ ഓഫ്‌സെറ്റ് പങ്കാളിയെ തിരഞ്ഞെടുക്കണമെന്ന വ്യവസ്ഥ മാത്രമായിരുന്നു ചർച്ചയിൽ ഉണ്ടായിരുന്നതെന്നും റിലയൻസ് ഡിഫൻസിനെ പങ്കാളിയാക്കണമെന്ന വ്യവസ്ഥ ഉണ്ടായിരുന്നില്ലെന്നും പ്രതികരിച്ചിരുന്നു. എന്നാൽ ഇതിനെ തള്ളിയാണ് പോർട്ടൽ ഏവിയേഷൻ രേഖ പുറത്തു വിട്ടിരിക്കുന്നത്. വെബ്‌സൈറ്റിലും അതിന്‍റെ ട്വിറ്റർ പേജിലും രേഖ സംബന്ധിക്കുന്ന കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇതോടെ റഫേൽ ഇടപാട് സംബന്ധിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പുറത്തുവിട്ട ആരോപണത്തിൽ കേന്ദ്രം കൂടുതൽ പ്രതിരോധത്തിലായി. ആരോപണം സംബന്ധിച്ച് ഫ്രഞ്ച് മാധ്യമം മീഡിയാപാർട്ടിൽ വാർത്ത പ്രസിദ്ധീകരിച്ചതോടെ കേന്ദ്രമന്ത്രി നിർമ്മല സീതാരാമന്‍റെ ഫ്രഞ്ച് സന്ദർശനം റദ്ദ് ചെയ്തിരുന്നു. കരാറിൽ ഇന്ത്യൻ പങ്കാളിയായി റിലയൻസിനെ കൊണ്ടുവന്നത് ഇന്ത്യൻ സർക്കാരിന്‍റെ നിർദേശപ്രകാരമാണെന്ന് ഫ്രഞ്ച് മുൻ പ്രസിഡന്‍റ് ഫ്രൻസ്വെ ഒലോൻദും വെളിപ്പെടുത്തിയിരുന്നു.

പോര്‍ട്ടെയ്ല്‍ ഏവിയേഷന്‍ വെബ്സൈറ്റ് പ്രസിദ്ധീകരിച്ച രേഖ
rafale
Comments (0)
Add Comment