പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്യാനുണ്ടെന്ന് വിജിലൻസ്; പ്രതികളുടെ ജാമ്യാപേക്ഷ 25ന് പരിഗണിക്കും

Jaihind News Bureau
Wednesday, September 18, 2019

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്യാനുണ്ടെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. സർക്കാർ നിർദ്ദേശങ്ങൾ നടപ്പിലാക്കുക മാത്രമാണ് താൻചെയ്തതെന്നു മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജും ഹൈക്കോടതിയിൽ വ്യക്തമാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് സൂരജ് നിലപാടറിയിച്ചത്. അതേസമയം, പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം ഇരുപത്തിയഞ്ചാം തീയ്യതിയിലേക്ക് മാറ്റി.

ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ച നാല് പ്രതികൾക്കുമുള്ള പങ്ക് കോടതിയെ അറിയിക്കണമെന്നും വിജിലൻസിനോട് കോടതി ആവശ്യപ്പെട്ടു.കേസിന്‍റെ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും വിജിലൻസിന് കോടതി നിർദേശം നൽകി.