ബാങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം ഒരു വര്‍ഷത്തേക്കെങ്കിലും നീട്ടണം; മുഖ്യമന്ത്രിക്ക് വി.എം സുധീരന്‍റെ കത്ത്

ലോക്ഡൗണിനെത്തുടര്‍ന്ന്  സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ ബാങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം ഒരു വര്‍ഷത്തേക്കെങ്കിലും നീട്ടണമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍. ഇക്കാര്യമാവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

കര്‍ഷകര്‍, വ്യാപാരി-വ്യവസായികള്‍, വിദ്യാര്‍ത്ഥികള്‍, സ്വയം തൊഴില്‍ സംരംഭകര്‍ തുടങ്ങിയവരെടുത്തിട്ടുള്ള ബാങ്ക് വായ്പകള്‍ക്ക് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള മൊറോട്ടോറിയം  ഒരു വര്‍ഷത്തേയ്‌ക്കെങ്കിലും നീട്ടേണ്ടത് അനിവാര്യമാണെന്നും പ്രസ്തുത വായ്പകള്‍ക്ക് ലോക്ഡൗണ്‍ കാലത്തേയ്ക്കുള്ള പലിശ സമ്പൂര്‍ണ്ണമായിത്തന്നെ ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.

കത്തിന്‍റെ പൂര്‍ണരൂപം

പ്രിയപ്പെട്ട മുഖ്യമന്ത്രി,

ലോക്ക് ഡൗണിനെത്തുടര്‍ന്ന് സര്‍വ്വമേഖലയിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുകയാണല്ലോ.

അതെല്ലാം കണക്കിലെടുത്ത് കൃഷിക്കാര്‍, വ്യാപാരി-വ്യവസായികള്‍, വിദ്യാര്‍ത്ഥികള്‍, സ്വയം തൊഴില്‍ സംരംഭകര്‍ തുടങ്ങിയവരെടുത്തിട്ടുള്ള ബാങ്ക് വായ്പകള്‍ക്ക് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള മൊറോട്ടോറിയം ഇനി ഒരു വര്‍ഷത്തേയ്‌ക്കെങ്കിലും നീട്ടേണ്ടത് അനിവാര്യമാണ്.

അതോടൊപ്പംതന്നെ പ്രസ്തുതവായ്പകള്‍ക്ക് ലോക്ഡൗണ്‍ കാലത്തേയ്ക്കുള്ള പലിശ സമ്പൂര്‍ണ്ണമായിത്തന്നെ ഒഴിവാക്കേണ്ടതുമാണ്.

വായ്പാതുകയുടെ തിരിച്ചടവ് കാലാവധിയും തവണകളും വര്‍ദ്ധിപ്പിക്കുകയും അതനുസരിച്ച് അടയ്‌ക്കേണ്ട തുകയില്‍ കുറവുവരുത്തി ക്രമീകരിക്കുകയും ചെയ്യേണ്ടത് ഈ കടമ്പകടക്കുന്നതിന് അത്യാവശ്യമാണ്.

കേന്ദ്ര സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും ശ്രദ്ധയില്‍പ്പെടുത്തി ഇക്കാര്യത്തില്‍ വേണ്ടതെല്ലാം ഉടനടി ചെയ്യണമെന്ന് താല്‍പര്യപ്പെടുന്നു.
സ്‌നേഹപൂര്‍വ്വം

വി.എം.സുധീരന്‍

ശ്രീ പിണറായി വിജയന്‍
ബഹു. മുഖ്യമന്ത്രി

പകര്‍പ്പ് : ഡോ.തോമസ് ഐസക്
ബഹു. ധനകാര്യവകുപ്പ് മന്ത്രി

 

Comments (0)
Add Comment