കാലവർഷക്കെടുതി: കർഷകർക്ക് അടിയന്തര ധനസഹായം നല്‍കണമെന്ന് കോണ്‍ഗ്രസ്

Saturday, July 16, 2022

കണ്ണൂര്‍: കാലവര്‍ഷക്കെടുതിയില്‍ സമാനതകളില്ലാത്ത നഷ്ടങ്ങള്‍ നേരിട്ട് ജില്ലയിലെ കര്‍ഷകര്‍ക്ക് അടിയന്തരമായി ധനസഹായം നല്‍കണമെന്ന് ഡിസിസി ഓഫീസില്‍ ചേര്‍ന്ന കോണ്‍ഗ്രസ് ബ്ലോക്ക്, മണ്ഡലം പ്രസിഡന്‍റുമാരുടെ സംയുക്തയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ശക്തമായ കാറ്റിലും മഴയിലും വിലയ തോതിലുള്ള വിളനാശമാണ് മലയോരമേഖലയിലും തീരപ്രദേശങ്ങളിലുമുണ്ടായിരിക്കുന്നത്.

വായ്പയെടുത്ത് കൃഷിയിറക്കിയ കര്‍ഷകര്‍ വിളനാശം മൂലം കടക്കെണിയെ അഭിമുഖീകരിക്കുകയാണ്. കര്‍ഷകര്‍ക്കുണ്ടായ നഷ്ടം കണക്കാക്കി ആശ്വാസനടപടികള്‍ സത്വരമായി കൈക്കൊള്ളണം. മലയോരമേഖലയിലെ കാട്ടാനശല്യം തടയാന്‍ ആന മതില്‍ നിര്‍മ്മിക്കുന്നതടക്കമുള്ള ശാശ്വതപരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു. ആറളം ഫാം മേഖലയില്‍ ആദിവാസി കര്‍ഷകരുടെ ജീവന് ഭീഷണിയായി കാട്ടാനകള്‍ സ്വൈര്യവിഹാരം നടത്തുകയാണ്. കാട്ടിനകത്തേക്ക് തുരത്തിയോടിക്കുന്ന ആനകള്‍ കൃഷിയിടങ്ങളിലേക്ക് മടങ്ങി വരാതിരിക്കാന്‍ ഇവിടെ ഭാഗികമായി നിര്‍മ്മിച്ച ആനവേലി പൂര്‍ത്തിയാക്കാന്‍ നടപടിയെടുക്കണം.

ശ്രീകണ്ഠാപുരം നഗരസഭയില്‍ ഒരു റോഡിന്‍റെ നാമകരണവുമായി ബന്ധപ്പെട്ട് പ്രദേശത്തെ ജനങ്ങള്‍ കൂട്ടായെടുത്ത തീരുമാനത്തെ അട്ടിമറിക്കാന്‍ ക്രിമിനലുകളെ ഇറക്കിയ സിപിഎം നിലപാടില്‍ യോഗം പ്രതിഷേധിച്ചു. അധികാര വികേന്ദ്രീകരണത്തെക്കുറിച്ച് വാ തോരാതെ സംസാരിക്കുന്നവര്‍ തദ്ദേശസ്ഥാപനങ്ങളുടെ അധികാരത്തില്‍ കൈ കടത്തുന്നതും വെല്ലുവിളി ഉയര്‍ത്തുന്നതും ജനാധിപത്യത്തിന്‍റെ അന്തസത്തയ്ക്ക് നിരക്കാത്തതാണെന്ന് യോഗം കുറ്റപ്പെടുത്തി. ഡിസിസി പ്രസിഡന്‍റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് യോഗം ഉദ്ഘാടനം ചെയ്തു.