മോന്‍സന്‍റെ കൈവശമുള്ള ശബരിമല ചെമ്പോല വ്യാജം; പത്തില്‍ എട്ടും വ്യാജന്‍, റിപ്പോർട്ട് കൈമാറി

Jaihind Webdesk
Monday, January 17, 2022

കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്‍റെ കൈവശമുള്ള ശബരിമല ചെമ്പോല പുരാവസ്തുവല്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. മ്യൂസിയത്തിലുണ്ടായിരുന്ന രണ്ട് നാണയങ്ങളും ഒരു കുന്തവും മാത്രമാണ് പുരാവസ്തു മൂല്യമുള്ള വസ്തുക്കളെന്നും കണ്ടെത്തി.

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഡയറക്ടർ നിയോഗിച്ച സമിതിയാണ് ചെമ്പോല സംബന്ധിച്ച പരിശോധന നടത്തിയത്. ഏറെ വിവാദങ്ങൾക്കിടയാക്കിയ ചെമ്പോല പുരാവസ്തുവല്ലെന്ന റിപ്പോർട്ടാണ് അന്വേഷണത്തിനൊടുവിൽ എഎസ്ഐ തയാറാക്കിയിരിക്കുന്നത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചെമ്പോലയെന്നാണ് മോൻസൻ ഇതേക്കുറിച്ച് പറഞ്ഞിരുന്നത്.

ചെമ്പോലയടക്കം മോൻസന്റെ മ്യൂസിയത്തിലുണ്ടായിരുന്ന പത്ത് വസ്തുക്കളാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അപ്പീൽ കമ്മിറ്റി പരിശോധിച്ചത്. ഈ പരിശോധനയിൽ രണ്ട് വെള്ളിനാണയങ്ങൾക്ക് മാത്രമാണ് പുരാവസ്തു മൂല്യമുള്ളത്. ഇത് യേശുവിനെ ഒറ്റിക്കൊടുക്കാൻ യൂദാസ് കൈപ്പറ്റിയ നാണയം എന്ന രീതിയിലാണ് മോൻസൻ അവതരിപ്പിച്ചിരുന്നത്. എന്നാൽ ഇവ ഏത് കാലഘട്ടത്തിലെ നാണയങ്ങളാണെന്ന് തറപ്പിച്ച് പറയാൻ കഴിയില്ലെങ്കിലും ഇതിന് പുരാവസ്തു മൂല്യമുണ്ടെന്നാണ് കണ്ടെത്തൽ.

മോൻസന്‍റെ മ്യൂസിയത്തിലുണ്ടായിരുന്ന മരപ്പിടിയുള്ള കുന്തത്തിനും പുരാവസ്തു മൂല്യമുണ്ടെന്നാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കണ്ടെത്തിയിരിക്കുന്നത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിന് കൈമാറി.