മോഹന്‍ലാലിന് കഥ കൃത്യമായി അറിയാം; മറിച്ച് ആരേലും പറഞ്ഞിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് മറുപടി പറയേണ്ട കാര്യമില്ല; ആന്‍റണി പെരുമ്പാവൂര്‍

Jaihind News Bureau
Tuesday, April 1, 2025

റീ-എഡിറ്റഡ് പതിപ്പ് ആരെയും ഭയന്നിട്ടല്ലെന്ന് നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍. തെറ്റുകള്‍ തിരുത്തുന്നത് ചുമതലയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ചിത്രത്തിന്‍റെ വിവാദങ്ങളുമായി ബന്ധപ്പെട്ട റീ-എഡിറ്റഡ് വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിനിമയില്‍ വിവാദ രംഗമായ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് കാണിച്ച ബലാല്‍സംഗവും പ്രധാന വില്ലന്‍റെ പേരും ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ വരുത്തിയത് കൂട്ടായി എടുത്ത തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

ആരുടെയും സമ്മര്‍ദം കാരണമല്ല ചിത്രത്തിലെ പല രംഗങ്ങളും നീക്കം ചെയ്തതെന്നും സംവിധായകന്‍ പൃഥ്വിരാജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ട കാര്യമില്ലെന്നും ആന്‍റണി പറഞ്ഞു. സംഘപരിവാറിനെതിരെ ആഞ്ഞടിക്കുന്ന പല രംഗങ്ങളും ചിത്രത്തിലുണ്ടായിരുന്നു. ഈ രംഗങ്ങള്‍ എല്ലാം തന്നെ ഉത്തമ ബോധ്യത്തിലാണ് എടുത്തതെന്നും സ്‌ക്രിപ്റ്റ് റൈറ്റര്‍ മുരളി ഗോപി പ്രതികരിക്കാത്തതില്‍ അദ്ദേഹത്തിന് വിയോജിപ്പ് ഉണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എമ്പുരാനിലെ ‘അബ്രാം ഖുറേഷി’ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മോഹന്‍ലാല്‍ സിനിമയുടെ പ്രിവ്യു കണ്ടിരുന്നില്ല എന്ന് തുടങ്ങി പല പ്രസ്താവനകളും ഇറങ്ങിയിരുന്നു. മേജര്‍ രവി ഉള്‍പ്പെടെയുള്ളവരാണ് ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. എന്നാല്‍ അതെല്ലാം തെറ്റെന്നും മോഹന്‍ലാലിന് കഥ കൃത്യമായി അറിയാമായിരുന്നുവെന്നും മറിച്ച് ആരേലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതില്‍ മറുപടി പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം വിവാദങ്ങള്‍ക്കിടെയാണ് ചിത്രം 200 കോടി ക്ലബിലേക്ക് ഇടംപിടിക്കുന്നത്. റീലിസായി 48 മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് ചിത്രം 100 കോട് ക്ലബിലേക്ക് കടന്നത്. എന്തായാലും റീ എഡിറ്റഡ് പതിപ്പ് വരുന്നതിനു മുന്‍പ് ചിത്രം കാണാനായി തീയേറ്ററുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.