പിന്നാക്ക സംവരണം എടുത്തുകളയുമെന്ന സൂചന നല്‍കി ആര്‍.എസ്.എസ് തലവന്‍

Jaihind Webdesk
Monday, August 19, 2019

ന്യൂഡല്‍ഹി: ബി.ജെ.പി സര്‍ക്കാര്‍ പിന്നാക്ക സംവരണം നിര്‍ത്തലാക്കാനുള്ള നീക്കം നടത്തുന്നതായി സൂചന നല്‍കി ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത്. സംവരണത്തെ അനുകൂലിക്കുന്നവരും അതിനെതിരായവരും തമ്മില്‍ ഐക്യമുണ്ടാക്കാന്‍ പരസ്പരം സംവാദം നടത്തണമെന്നാണ് മോഹന്‍ ഭഗവതിന്റെ നിര്‍ദ്ദേശം. ആര്‍.എസ്.എസിന്റെ ‘ഗ്യാന്‍ ഉത്സവ്’ മുന്നോടിയായുള്ള ചടങ്ങിലാണ് മോഹന്‍ ഭഗവത് ആര്‍.എസ്.എസിന്റെ ഏറെ നാളെയുള്ള ആവശ്യം നടപ്പിലാക്കാന്‍ ബി.ജെ.പി നീക്കങ്ങള്‍ നടത്തുന്നതായി പറയുന്നത്.

‘സംവരണത്തെ അനുകൂലിക്കുന്നവര്‍ സംവരണത്തെ എതിര്‍ക്കുന്നവരെയും തിരിച്ചും പരിഗണിക്കുകയും കേള്‍ക്കുകയും ചെയ്യുകയാണെങ്കില്‍ ഒരു മിനിട്ടിനുള്ളില്‍ നിയമമില്ലാതെ, നിയമങ്ങളില്ലാതെ നമുക്ക് ഇതിന് പരിഹാരം കാണാന്‍ കഴിയും. അതുസംഭവിക്കാതെ രാജ്യത്ത് ഐക്യമുണ്ടാകില്ല. ആരും ഈ ചോദ്യത്തിന് ഉത്തരം പറയുന്നില്ല. ഞങ്ങള്‍ അതിന് ശ്രമിക്കുകയാണെന്നും’- മോഹന്‍ ഭഗവത് പറഞ്ഞു.
നേരത്തെ 2015ല്‍ ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ സമയത്തും സംവരണത്തിനെതിരെ മോഹന്‍ ഭഗവത് നിലപാട് വ്യക്തമാക്കിയിരുന്നു. സംവരണ നയം പുനപ്പരിശോധിക്കേണ്ടാതുണ്ടെന്നാണ് അന്ന് മോഹന്‍ ഭഗവത് പറഞ്ഞു.
ഇതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും ദലിത് വിരുദ്ധ മുഖമാണ് മോഹന്‍ ഭഗവതിന്റെ പ്രസ്താവനയിലൂടെ പുറത്തുവരുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലെ ട്വീറ്റ് ചെയ്തു. ഭരണഘടന തിരുത്തി പാവങ്ങള്‍ക്കുള്ള സംവരണം ഇല്ലാതാക്കാന്‍ ഗൂഢാലോചന നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.