മൊഫിയയുടെ മരണം: പരാതി നല്‍കാനെത്തിയ വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്ത് പൊലീസ്

 

കൊച്ചി : ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ത്ഥിനി മൊഫിയ പര്‍വീണിന്‍റെ സഹപാഠികളെ കസ്റ്റഡിയിലെടുത്ത്  വിദ്യാര്‍ഥികള്‍ പോലീസ് കസ്റ്റഡിയില്‍. 23 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മൊഫിയയുടെ മരണത്തിന് ഉത്തരവാദിയായ സിഐ ഉൾപ്പടെയുള്ളവർക്കെതിരെ കർശനനടപടി എടുക്കണമെന്നാവശ്യപ്പെട്ട് ആലുവ എസ്പി ഓഫീസിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ച 23 നിയമ വിദ്യാർഥികളെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. എസ്പിക്ക് പരാതി നല്‍കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. എടത്തല സ്റ്റേഷനിലേക്ക് മാറ്റിയ വിദ്യാർത്ഥികളെ പിന്നീട് വിട്ടയച്ചു.

എസ്പി ഓഫീസിലേയ്ക്ക് അനുമതി ഇല്ലാതെ പ്രതിഷേധം നടത്തിയതിനാണ് ഇവരെ കസ്റ്റഡിയിൽ എടുത്തതെന്നാണ് പൊലീസിന്‍റെ വിശദീകരണം. മൊഫിയയുടെ ആത്മഹത്യയില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോളേജിലെ വിദ്യാര്‍ഥികള്‍ ഇന്ന് എസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഓഫീസിന് ഏതാനും മീറ്റര്‍ അകലെ വെച്ച് മാർച്ച് പൊലീസ്  തടഞ്ഞിരുന്നു. ഇതിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ എസ്പി ഓഫീസില്‍ നേരിട്ടെത്തി മൊഫിയ വിഷയത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കി. തുടർന്നായിരുന്നു പൊലീസ് നടപടി.

പരാതി നല്‍കാനെത്തിയ തങ്ങളെ യാതൊരു പ്രകോപനവുമില്ലാതെയാണ്  കസ്റ്റഡിയില്‍ എടുത്തതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ക്രിമിനലുകളോട് പെരുമാറുന്നതുപോലെയാണ് പോലീസ് പെരുമാറിയതെന്നും വിദ്യാർത്ഥികള്‍ ആരോപിച്ചു. അതേസമയം മൊഫിയയുടെ മരണത്തിന് ഉത്തരവാദിയായ പൊലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന സർക്കാർ നിലപാടില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സമരം തുടരുകയാണ്.  മൊഫിയയുടെ മരണത്തിന് ഉത്തരവാദിയായ പൊലീസുകാരനെ സസ്പെൻഡ് ചെയ്യും വരെ സമരം തുടരുമെന്നാണ് കോൺഗ്രസ് നിലപാട്.

Comments (0)
Add Comment