ന്യൂഡല്‍ഹി: അവിശ്വാസ പ്രമേയത്തിൽ പ്രധാനമന്ത്രിയുടെ മറുപടിയിൽ മണിപ്പൂരിനെപ്പറ്റി പ്രതിപാദിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. മണിപ്പൂരിലെ സത്യങ്ങൾ മറക്കാൻ ഭരണപക്ഷം ശ്രമിക്കുകയാണെന്നും കപട രാജ്യസ്നേഹമാണ് ബിജെപിക്കെന്നും ഗൗരവ് ഗൊഗോയ് കുറ്റപ്പെടുത്തി. അതേസമയം മോദിയുടെ പ്രസംഗം തടസപ്പെടുത്തിയെന്ന് കാട്ടി കോൺഗ്രസ് സഭാ നേതാവ് അധിർ രഞ്ജൻ ചൗധരിയെ സസ്പെൻഡ് ചെയ്തു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനു പിന്നാലെ അവിശ്വാസപ്രമേയം ശബ്ദവോട്ടോടെ സഭ തള്ളി.
മണിപ്പുർ വിഷയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയ മറുപടിയിൽ മണിപ്പൂരിനെ പ്രതിപാദിക്കാതെയാണ് പ്രധാനമന്ത്രി സഭയിൽ മറുപടി തുടങ്ങിയത്. സംസാരിച്ച സമയം മുഴുവൻ പ്രതിപക്ഷ പാർട്ടികളെ കുറ്റപ്പെടുത്തുന്നതിലേക്ക് മാത്രമായി മോദിയുടെ ശ്രദ്ധ. മണിപ്പൂരിൽ കൈക്കൊള്ളേണ്ട നടപടികളിലേക്ക് മോദി കടന്നില്ല. ബിജെപിക്ക് വലുത് രാജ്യത്തിന്‍റെ വികസനം എന്ന് വാക്കാല്‍ പറഞ്ഞ പ്രധാനമന്ത്രി മണിപ്പൂരിലെ സ്ഥിതി മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിച്ചതേ ഇല്ല. ഇത് പ്രതിപക്ഷ അംഗങ്ങളെ ഒന്നടങ്കം ചൊടിപ്പിച്ചു. പ്രധാനമന്ത്രി മണിപ്പുർ വിഷയം സംസാരിക്കാതെ മറ്റു വിഷയങ്ങളിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ‘ഇന്ത്യ ഇന്ത്യ’ എന്ന മുദ്രാവാക്യമുയർത്തി പ്രതിപക്ഷം പ്രതിഷേധിച്ചു. എന്നാൽ മോദി മണിപ്പുർ വിഷയത്തിലേക്ക് എത്താതെ തന്‍റെ പ്രസംഗം തുടരുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഒന്നടങ്കം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.
രണ്ടു മണിക്കൂർ തുടർച്ചയായി സംസാരിച്ചിട്ടും മോദി മണിപ്പൂരിനെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ലെന്ന് കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് പറഞ്ഞു. കലാപം ആരംഭിച്ചു ഇത്ര ദിവസമായിട്ടും എന്തുകൊണ്ട് പ്രധാനമന്ത്രി മണിപ്പുർ സന്ദർശിച്ചില്ല, എന്നും മണിപ്പുർ മുഖ്യമന്ത്രിയെ എന്ത് കൊണ്ട് മാറ്റുന്നില്ല എന്നുള്ള രണ്ട് കാരണങ്ങളാണ് അവിശ്വാസം നൽകാൻ പ്രതിപക്ഷത്തെ പ്രേരിപ്പിച്ചതെന്ന് ഗ`ഗോയ് വ്യക്തമാക്കി. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ എന്തുകൊണ്ട് യാതൊരുവിധ ഇടപെടലും നടത്തിയില്ല എന്നുള്ള ചോദ്യവും സഭയിൽ ഉന്നയിച്ചിരുന്നു. സംഘർഷം രൂക്ഷമായപ്പോഴും പ്രധാനമന്ത്രി വിദേശയാത്രയിലായിരുന്നു. എത്രയോ ദിവസത്തിന് ശേഷമാണു പ്രധാനമന്ത്രി പാർലമെന്‍റിൽ സംസാരിക്കുന്നത്. എന്നിട്ടും മണിപ്പൂരിലെ വിഷയങ്ങളെ പരാമർശിക്കാത്തതാണ് സഭ ബഹിഷ്കരിക്കാൻ കാരണമെന്നും ഗൊഗോയ് വ്യക്തമാക്കി. മണിപ്പൂരിലെ സത്യങ്ങളെ മറയ്ക്കാൻ കേന്ദ്രം ശ്രമിക്കുകയാണ്. അതുകൊണ്ടാണ് മണിപ്പൂരിലെ എംപിമാർ പാർലമെന്‍റിൽ ഒന്നും മിണ്ടാത്തതെന്നും ഇന്ത്യ സഖ്യം മണിപ്പൂർ ജനതയ്ക്ക് വേണ്ടിയാണ് വാക്കൗട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അഹങ്കാരമാണ് ഇവരുടെ ദേശഭക്തി കപടമാണെന്നും ഇന്ത്യ സഖ്യം 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ വമ്പിച്ച വിജയം കരസ്ഥമാക്കുമെന്നും ഗൗരവ് ഗൊഗോയ് മാധ്യമങ്ങളോട് പറഞ്ഞു.
മാനുഷിക പരിഗണന ഏറ്റവും കൂടുതൽ വേണ്ട മണിപ്പുർ എന്ന സംസ്ഥാനത്തെക്കുറിച്ച് മോദി ഒരക്ഷരം പോലും സംസാരിച്ചില്ലെന്നും കോൺഗ്രസിനെയും ഇന്ത്യ സഖ്യത്തെയും വിമർശിക്കാനും പ്രതിരോധിക്കാനും വേണ്ടി മാത്രമാണ് മോദി രണ്ടു മണിക്കൂർ സമയം ചെലവഴിച്ചതെന്നും മണിപ്പുർ നേരിൽ സന്ദർശിച്ച ഹൈബി ഈഡൻ എംപി കുറ്റപ്പെടുത്തി.