മോദി ഉലകം ചുറ്റാന്‍ സര്‍ക്കാര്‍ ഖജനാവിന് ചെലവായത് 2000 കോടിയിലധികം രൂപ

പ്രധാനമന്ത്രിയായി നാലരവര്‍ഷക്കാലത്തിനിടെ ഉലകം ചുറ്റിയ ഇനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഖജനാവിന് ചെലവായത് രണ്ടായിരം കോടിയില്‍പരം രൂപയെന്ന്  വിദേശകാര്യ സഹമന്ത്രി വി.കെ സിങ് .  മോദിയുടെ  84 വിദേശ യാത്രകള്‍ക്കായാണ് ഈ തുക ചെലവായത്.  സി.പി.ഐയുടെ ബിനോയ് വിശ്വത്തിന്റെ ചോദ്യത്തിന് ഉത്തരമായാണ്  വിദേശകാര്യ സഹമന്ത്രി വി.കെ സിങ് രാജ്യസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

മോദിയുടെ യാത്രാ വിമാനമായ എയര്‍ഇന്ത്യ വണ്ണിന്‍റെ ചിലവുകളും ഹോട്ട്‌ലൈന്‍ സംവിധാനങ്ങളും ചേര്‍ത്തുള്ള ചെലവാണ് ഇത്. 2014 ജൂണ്‍ 15 മുതല്‍ 2018 ഡിസംബര്‍ 3 വരെയുള്ള കണക്കുകളാണ് മന്ത്രാലയത്തിന്‍റെ മറുപടിയില്‍ വ്യക്തമാക്കിയത്.

വിദേശയാത്രകളില്‍ മോദിയുടെ കൂടെ സഞ്ചരിച്ച മന്ത്രിമാരുടെ വിവരങ്ങള്‍, ഒപ്പിട്ട എഗ്രിമെന്റുകള്‍, യാത്രയ്ക്കായി എയര്‍ഇന്ത്യയ്ക്ക് നല്‍കിയ പണം തുടങ്ങിയ കാര്യങ്ങളാണ് ബിനോയ് വിശ്വം ചോദിച്ചിരുന്നത്.

എയര്‍ക്രാഫ്റ്റ് മെയിന്‍റനന്‍സ് ഇനത്തില്‍ 1,583.18 കോടി രൂപയും ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്കായി 429.28 കോടിരൂപയും ചെലവാക്കിയിട്ടുണ്ട്. ഹോട്ട്‌ലൈന്‍ സംവിധാനങ്ങള്‍ക്കായി 9.12 കോടിരൂപയാണ് ചെലവാക്കിയത്.

narendra modiFlightForeign Trips
Comments (0)
Add Comment