മോദിയുടെ നയതന്ത്രം പാളി? അമേരിക്കയുടെ ചങ്ങലപ്പൂട്ടില്‍ ഉരിയാടാതെ കേന്ദ്രം

Jaihind News Bureau
Monday, February 17, 2025

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ പര്യടനമൊക്കെ ഗംഭീരമായി കഴിഞ്ഞുവെന്നാണ് വെപ്പ്. എന്തിനാണ് പര്യടനം നടത്തിയതെന്നും ആര്‍ക്കാണ് ഗുണമുണ്ടായതെന്നും ഇപ്പോഴും വ്യക്തമല്ല. വന്‍ വിജയമായിരുന്നുവെന്ന് സ്വയം കൊട്ടിഘോഷിക്കുമ്പോഴും അനധികൃത കുടിയേറ്റക്കാരായ ഇന്ത്യാക്കാരെ കൊടും കുറ്റവാളികള്‍ എന്നോണം വിലങ്ങും, കാല്‍ ചങ്ങലുയുമിട്ട് കയറ്റി വിട്ടതിനെക്കുറിച്ച് ഒന്നും മിണ്ടാതെ മൗനത്തിലാണ് പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും. സകല മനുഷ്യാവകാശങ്ങളും ലംഘിച്ച് കൊണ്ടാണ് അമേരിക്ക കാലിലും കൈയ്യിലും വിലങ്ങണിയിച്ച് ഇന്ത്യക്കാരെ നാടുകടത്തിയത്. ഇനെതിരെ കേന്ദ്രം പ്രതികരിക്കുന്നില്ല എന്നതാണ് വസ്തുത. എന്തിനാണ് സ്വന്തം നാടിന് നേരെ കണ്ണടയ്ക്കുന്നത് എന്ന ചോദ്യത്തിന് മറുപടി പറയാതെ ഒഴിഞ്ഞു മാറുകയാണ് കേന്ദ്രം. 116 ഇന്ത്യാക്കാരുമായി ശനിയാഴ്ച അമൃത്‌സറിലെത്തിയ രണ്ടാമത്തെ യുഎസ് വിമാനത്തിലെ യാത്രക്കാരേയും വിലങ്ങണിയിച്ചിരുന്നു എന്ന് ദല്‍ജിത് സിംഗ് എന്ന യുവാവ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

അമേരിക്കയുടെ ഇന്ത്യയോടുള്ള സമീപനം ക്രൂരമായിക്കൊണ്ടിരിക്കുമ്പോള്‍ ഇവിടെ പ്രതിഷേധങ്ങള്‍ എങ്ങും അലയടിക്കുകയാണ്. മോദിയുടെ അമേരിക്കയുമായുള്ള നയതന്ത്രം തികച്ചും പാളിപ്പോയി എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു. തന്റെ പ്രിയ സുഹൃത്താണ് ട്രംപ് എന്ന് പറയുമ്പോഴും സൗഹൃദ ബന്ധം അവരില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണെന്ന് വ്യക്തം. അതിന്റെ യാതൊരു മെച്ചവും ഇന്ത്യക്ക് ലഭിക്കുന്നില്ല. പിന്നെ എന്ത് രാഷ്ട്രീയ ബന്ധമാണ് മറ്റൊരു രാജ്യത്തെ പ്രസിഡന്റുമായി തുടരുന്നത് എന്ന് ചോദിച്ചാല്‍ തികച്ചും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കെന്ന് പറയേണ്ടി വരും.

കേന്ദ്ര സര്‍ക്കാരിനെ പുകഴ്ത്തി പാടാറുള്ള ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ പോലും യുഎസിന്റെ നരാധമ പ്രവര്‍ത്തിയെ തികച്ചും എതിര്‍ത്തുകൊണ്ടുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ മോദി സര്‍ക്കാര്‍ മിണ്ടാട്ടം മുട്ടി നില്‍ക്കുകയാണ്. ദേശ സ്‌നേഹത്തിന്റെ തെല്ലു പോലും വികാരം പ്രകടിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. യുഎസിന്റെ പ്രവര്‍ത്തന മാര്‍ഗരേഖ പ്രകാരമാണ് കുടിയൊഴുപ്പിക്കല്‍ നടത്തുന്നത് എന്നാണ് വിദേശകാര്യ മന്ത്രി ജയശങ്കര്‍ പാര്‍ലമെന്റില്‍ പറഞ്ഞത്. എന്നാല്‍ അമേരിക്കയെ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നാണ് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പിന്നീട് പറഞ്ഞത്. അതൃപ്തി അറിയിച്ച ശേഷവും ചങ്ങലപ്പൂട്ട് ആവര്‍ത്തിച്ച അമേരിക്കന്‍ സമീപനത്തെയാണ് പ്രതിപക്ഷം ഉള്‍പ്പെടെ എതിര്‍ക്കാന്‍ ശ്രമിക്കുന്നത്. എന്നിട്ടും മോദി സര്‍ക്കാരിന് പ്രതികരിക്കാന്‍ സമയം ആയില്ല എന്ന് തോന്നുന്നു. .

പ്രധാനമന്ത്രി മോദി പ്രസിഡന്റ് ട്രംപിനെ ആലിംഗനം ചെയ്‌തെങ്കിലും കുടിയൊഴിപ്പിക്കല്‍ നയത്തില്‍ ഒരു മാറ്റവും ഉണ്ടാവില്ല എന്ന് വ്യക്തമാക്കിയിരുന്നു. വിദേശ പര്യടനം നടത്തിയതില്‍ ഇന്ത്യക്കാരുടെ ഒരു പ്രതീക്ഷ അവിടെ അസ്തമിച്ചു. എന്നാല്‍ ദുര്‍ബലനെന്ന് ബിജെപിക്കാര്‍ ആക്ഷേപിച്ച ഡോ. മന്‍മോഹന്‍ സിംഗിന്റെ കാലത്തുണ്ടായ വിവാദത്തില്‍ അമേരിക്കയെ വരച്ച വരയില്‍ നിര്‍ത്താന്‍ ഇന്ത്യന്‍ ഗവണ്മെന്റിന് കഴിഞ്ഞിരുന്നു എന്നതാണ് ചരിത്രം പഠിപ്പിക്കുന്നത്. ആ ചരിത്രം മന:പാഠമാക്കിയവര്‍ക്ക് ബിജെപി സര്‍ക്കാരിനോട് തോന്നുന്ന പുച്ഛം തികച്ചും സ്വാഭാവികം.