റഫാല്‍ വിമാനങ്ങള്‍ വാങ്ങിയത് വന്‍ നഷ്ടത്തില്‍; ഒരു വിമാനത്തിന് മേല്‍ 41.42 % അധികചെലവ്

Jaihind Webdesk
Friday, January 18, 2019

ഇന്ത്യന്‍ എയര്‍ ഫോര്‍സ് ആവശ്യപ്പെട്ട 126 ഫൈറ്റര്‍ ജെറ്റുകള്‍ക്ക് പകരം ഫ്രാന്‍സില്‍ നിന്നും 36 റഫാല്‍ ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങാനുള്ള മോദിയുടെ തീരുമാനം രാജ്യത്തിന് വന്‍ നഷ്ടമുണ്ടാക്കി. കോൺഗ്രസ് നിരന്തരം ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് കരുത്ത് പകരുന്നതാണ് റഫാൽ ഇടപാടിലെ പുതിയ വാർത്ത.

2015 ഏപ്രില്‍ പത്തിനാണ് മോദി ഫ്രാന്‍സില്‍ നിന്നും 36 റഫാൽ ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങുന്നതായി പ്രഖ്യാപിച്ചത്. വ്യോമസേന ആവശ്യപ്പെട്ട 126 വിമാനങ്ങള്‍ വാങ്ങാമായിരുന്ന തുകയ്ക്കാണ് മോദി സര്‍ക്കാര്‍ 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചത്. ഈ നടപടി ഓരോ ജെറ്റിന്‍റെയും മേല്‍ 41.42%  അധിക ചെലവുണ്ടാക്കി. റഫാല്‍ വിമാനങ്ങളില്‍ ഇന്ത്യക്ക് വേണ്ടി പ്രത്യേകമായി നിര്‍മിക്കുന്നതായി അവകാശപ്പെടുന്ന ഡിസൈന്‍ ആന്‍റ് ഡെവലപ്‌മെന്‍റിന് ആവശ്യപ്പെട്ട 130 കോടി ഡോളര്‍ നല്‍കാന്‍ എന്‍.ഡി.എ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ 126 ബെയര്‍ ബോണ്‍ വിമാനങ്ങള്‍ക്ക് മേല്‍ ചിലവഴിക്കേണ്ട തുക മുഴുവന്‍ 36 വിമാനങ്ങള്‍ക്കായി ചിലവഴിക്കുകയായിരുന്നു.

റഫാല്‍ വിമാനങ്ങള്‍ക്ക് മേല്‍ ചിലവഴിച്ച തുകയുടെ വിവരങ്ങള്‍ പുറത്ത് വിടാന്‍ എന്‍.ഡി.എ സര്‍ക്കാര്‍ വിസമ്മതിച്ചിരുന്നു. പാര്‍ലമെന്‍റ് പ്രിവിലേജ് കമ്മിറ്റിക്ക് മുമ്പില്‍ പോലും മോദി സര്‍ക്കാര്‍ ഈ വിവരങ്ങള്‍ അവതരിപ്പിച്ചിരുന്നില്ല.