കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടു

Jaihind News Bureau
Wednesday, October 14, 2020

കാർഷിക നിയമങ്ങളിൽ കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടു. കൃഷി മന്ത്രി ചർച്ചയിൽ പങ്കെടുക്കാതിരുന്നതിൽ സംഘടനകൾ ഡൽഹി കൃഷി മന്ത്രാലയത്തിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. ശക്തമായി സമരം തുടരാൻ തന്നെയാണ് തീരുമാനമെന്ന് സംഘാടകൾ അറിയിച്ചു.

കാർഷിക നിയമങ്ങൾക്ക് എതിരെ കർഷക സമരം തുടരുന്നതിന് ഇടയിലാണ് സംഘടനകളുമായുള്ള കേന്ദ്ര സർക്കാർ ചർച്ച നടത്തിയത്. എന്നാൽ കാർഷിക മന്ത്രി ചർച്ചയിൽ പങ്കെടുത്തില്ല. തുടർന്ന് കർഷക സംഘടനകൾ ചർച്ച ബഹിഷ്‌കരിച്ചു. കൃഷി മന്ത്രാലയം സെക്രട്ടറി സഞ്ജയ് അഗർവാളുമായി നടന്ന യോഗത്തിന് ശേഷം കർഷക സംഘടനകൾ ഡൽഹി കൃഷി മന്ത്രാലയത്തിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.

പഞ്ചാബിൽ നിന്നുള്ള കർഷക സംഘടനകളാണ് ഡൽഹിയിൽ കൃഷി മന്ത്രാലയത്തിന് മുന്നിൽ പ്രതിഷേധിച്ചത്. കർഷക സംഘടനകൾ നാളെ യോഗം ചേർന്ന് തുടർ സമര പരിപാടികൾ തീരുമാനിക്കും എന്ന് വ്യക്തമാക്കി. അതേ സമയം ആൾ ഇന്ത്യ കിസാൻ സംഘർഷ് സമതി രാജ്യവ്യാപകമായി ഇന്ന് എംഎസ്പി അധികാർ ദിവസായി ആചരിച്ചു.